X
    Categories: gulfNews

ഇസ്രയേലുമായുള്ള യുഎഇ, ബഹ്‌റൈന്‍ ചരിത്ര കരാറുകള്‍ ഇന്ന് ഒപ്പുവെക്കും: ചടങ്ങുകള്‍ വാഷിങ്ടണില്‍

 

ഇസ്രായേലുമായുള്ള യു.എ.ഇ,ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന് ഒപ്പുവെക്കും. വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. കൂടുതല്‍ അറബ് രാജ്യങ്ങള്‍ മാറ്റത്തിന് തയാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും ഇസ്രായേലും.

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവെക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ ഇതാദ്യമായാണ് ഇസ്രായേലുമായി കൈകോര്‍ക്കുന്നത്.

ഈജിപ്തും ജോര്‍ദ്ദാനും മാത്രമാണ് ഇതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യങ്ങള്‍. യു.എ.ഇ, ബഹ്‌റൈന്‍ സംഘങ്ങള്‍ ഇതിനകം അമേരിക്കയില്‍ എത്തിയിട്ടുണ്ട്. യു.എ.ഇയില്‍ നിന്ന് മന്ത്രിമാരായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മറി, ഉബൈദ് ബിന്‍ ഹുമൈദ് അല്‍തായര്‍, റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാഷ്മി തുടങ്ങിയവരും സംഘത്തിലുണ്ട്.

700ലധികം പേര്‍ ഇന്ന് നടക്കുന്ന സഹകരണ കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും. ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും ആദ്യം ചര്‍ച്ച നടത്തും. ശേഷമാണ് മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ട്രംപിന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവയ്ക്കുക.

കരാര്‍ ഒപ്പുവയ്ക്കുന്നതിന് പിന്നാലെ ഇസ്രായേല്‍ യുഎഇയിലേക്കും ബഹ്‌റൈനിലെക്കും ചരക്ക് കയറ്റുമതി ആരംഭിക്കും. ബുധനാഴ്ച അബുദാബിയില്‍ ഇസ്രായേലില്‍ നിന്നുള്ള ആദ്യ ചരക്ക് എത്തുമെന്നാണ് വിവരം. ഇസ്രായേലിന് പുതുയുഗ പിറവിയാണ് എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. യുഎഇയുടെയും ബഹ്‌റൈന്റെയും നടപടിയെ പിന്തുണച്ച് ഒമാന്‍ രംഗത്തുവന്നിരുന്നു. ഇത്തരം നീക്കങ്ങള്‍ പലസ്തീന്‍ഇസ്രായേല്‍ സമാധാനത്തിന് സഹായിക്കുമെന്നാണ് ഒമാന്റെ അഭിപ്രായം.

സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് വഴി തെളിക്കും. കിഴക്കന്‍ ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാജ്യം വേണമെന്നാണ് മുസ്ലിം രാജ്യങ്ങളുടെ ആവശ്യം. ഈ ലക്ഷ്യം നേടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നും ഒമാന്‍ ഭരണകൂടം പ്രതികരിച്ചു.

യുഎഇഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ കരുതുന്നു. 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുകയാണ് ഒമാന്റെ പതിവ്.

ആഫ്രിക്കയിലെ മുസ്ലിം രാജ്യമായ സുഡാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലുമായി ആദ്യം ബന്ധം സ്ഥാപിച്ച മുസ്ലിം രാജ്യം ഈജിപ്താണ്. പിന്നാലെ ജോര്‍ദാന്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇപ്പോള്‍ യുഎഇയും ബഹ്‌റൈനും കരാറിലെത്തുന്നു. ഒമാന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

web desk 1: