X

ഇസ്രയേല്‍-യുഎഇ കരാര്‍ ഒപ്പുവയ്ക്കല്‍ വൈറ്റ് ഹൗസില്‍; ഉറ്റുനോക്കി അറബ് ലോകം

ദുബൈ: ഇസ്രയേലും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന നയതന്ത്ര കരാര്‍ സെപ്തംബര്‍ 15ന് ഔദ്യോഗികമായി ഒപ്പുവയ്ക്കും. വൈറ്റ്ഹൗസിലാണ് ചടങ്ങുകള്‍. യുഎസിന്റെ മധ്യസ്ഥതയിലാണ് ഉഭയകക്ഷി കരാര്‍ യാഥാര്‍ത്ഥ്യമായിരുന്നത്.

18 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. വെസ്റ്റ്ബാങ്കിലെ വിപുലീകരണ പദ്ധതികള്‍ അവസാനിപ്പിക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ച സാഹചര്യത്തിലാണ് യുഎഇ ജൂത രാഷ്ട്രവുമായി കരാറില്‍ എത്തിയിരുന്നത്.

ഇസ്രയേലിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇക്കു വേണ്ടി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍ നഹ്‌യാന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുക. ട്രംപിന്റെ ക്ഷണപ്രകാരം അടുത്തയാഴ്ച വാഷിങ്ടണിലെത്തുമെന്ന് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ വൈറ്റ്ഹൗസ് സീനിയര്‍ ഉപദേഷ്ടാവ് ജെറാദ് കുഷ്‌നറുടെ നേതൃത്വത്തില്‍ യുഎസ്-ഇസ്രയേല്‍ സംഘം യുഎഇയിലെത്തിയിരുന്നു. അടുത്തയാഴ്ച മുതല്‍ ഇസ്രയേലില്‍ നിന്നുള്ള ചരക്കു വിമാനവും ദുബായിലെത്തും. കരാറിന്റെ ഭാഗമായി 48 വര്‍ഷം നീണ്ട ഇസ്രയേല്‍ ചരക്കുകളുടെ നിരോധം യുഎഇ എടുത്തു കളഞ്ഞിരുന്നു.

Test User: