X

‘സാമ്പത്തിക ബാധ്യയുണ്ട്’,സപ്ലൈകോയിൽ എല്ലാ സാധനങ്ങളും ഇല്ലെന്നത് സത്യം; മന്ത്രി ജി ആർ അനിൽ

സപ്ലൈകോയിൽ എല്ലാ സബ്സിഡി സാധനങ്ങളും ഇല്ലെന്നത് സത്യമെന്ന് മന്ത്രി ജി ആർ അനിൽ. ധനക്കമ്മി സപ്ലൈകോയെ ബാധിച്ചു. ഇന്നലെ ഉദ്ഘാടനം ചെയ്ത സ്ഥലത്ത് 13 ൽ ഏഴ് സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് തൃശൂരിൽ സാധനങ്ങൾ കുറവായിരുന്നു. കൂടുതൽ സാധനങ്ങൾ എത്തും.

വെയിലത്തു ആളുകൾക്ക് നിൽക്കേണ്ടി വന്നതാണ് ഒരു കാര്യം. 12 സാധനങ്ങൾ എങ്കിലും എത്തിക്കാൻ ശ്രമിക്കും. പഞ്ചസാര വ്യാപാരികൾ ടെൻഡറിൽ പങ്കെടുക്കുന്നില്ല. പരമാവധി സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കും. പല ഉൽപ്പനങ്ങൾക്കും വില കുറച്ച് നൽകുന്നു. വലിയ സാമ്പത്തിക ബാധ്യയുണ്ട്. വേണ്ട വിധത്തിലുള്ള പരിഷ്കരണങ്ങൾ കൊണ്ട് വന്ന് സ്ഥാപനത്തെ നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങിയിരുന്നു. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്.

രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു.

സബ്‌സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരോട് ചോദിക്കുമ്പോള്‍ മറ്റുള്ള സാധനങ്ങള്‍ 2 ദിവസം കഴിഞ്ഞിട്ട് എത്തുമെന്നാണ് പറയുന്നത്. ക്രിസ്മസ് കഴിഞ്ഞിട്ട് ഇത് കിട്ടിയാല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമോയെന്നും നാട്ടുകാര്‍ ചോദിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ക്രിസ്മസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. പതിമൂന്ന് സാധനങ്ങള്‍ സബ്‌സിഡിയിയായി നല്‍കുമെന്നായിരുന്നു സപ്ലൈക്കോ അറിയിച്ചിരുന്നത്. അതിന് പുറമെ നോണ്‍ സബ്‌സിഡി സാധനങ്ങള്‍ 5 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.

ഈ വര്‍ഷത്തെ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ മുപ്പത് വരെയയായിരിക്കും നടക്കുക. രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണിവരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 25ന് ഫെയര്‍ അവധിയായിരിക്കും.

webdesk13: