X

ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു; ട്രംപിന്റെ മകള്‍ വരുന്നതിന്റെ മോടികൂട്ടലെന്ന് ആരോപണം

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്‌നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു. 1977 ലെ ഭിക്ഷാടന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. നിയമം ലംഘിക്കുന്നവര്‍ക്ക് ഐ.പി.സി 188ാം വകുപ്പ് പ്രകാരം തടവ് ശിക്ഷ വരെ ലഭിക്കും.

ട്രാഫിക്ക് സിഗ്‌നലുകളിലും പാര്‍ക്കുകളിലും സിനിമാ തീയേറ്ററുകളിലും ഭിക്ഷാടകരെ കൊണ്ട് പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താനും പുതിയ നിയമം സഹായകമാവും. ജുവനൈല്‍ നിയമം പ്രകാരം കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.

അതേസമയം നഗരത്തില്‍ പൊടുന്നനെ നടപ്പാക്കിയ ഭിക്ഷാടന നിരോധനം രാഷ്ട്രീയമായി വന്‍ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്.
ഹൈദരബാദില്‍ ഈ മാസം നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് വരാനിരിക്കെ ഭിക്ഷാടനം നിരോധിച്ചതാണ് ദേശീയ മാധ്യമങ്ങളിലടക്കം വിവാദമായിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി സംബന്ധിക്കുന്ന സംഗമത്തില്‍ ഇവാന്‍ക ട്രംപ് എത്തിന്നതിന് മുന്നോടിയാണ് നഗരത്തിന് മോടി കൂട്ടാണാണ് നിരോധനമെന്നും ആരോപണമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും സംഗമത്തിനെത്തുന്നുണ്ട്. ഈ വര്‍ഷം നവമബര്‍ 28 മുതല്‍ 30 വരെയുള്ള സംഗമം ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഒരുക്കുന്നത്. സംഗമത്തില്‍ അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപായിരിക്കും.

എന്നാല്‍ നഗരത്തിലെ പല സ്ഥലങ്ങളിലും നിരവധി പേര്‍ വികലാംഗരായും അശ്ലീലമായ രീതിയില്‍ വേഷം ധരിച്ചും ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇത്തരക്കാരുടെ മോശമായ പെരുമാറ്റവും അപകടസാദ്ധ്യതയും കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവന്നത് പൊലീസ് അറിയിച്ചു. ഹൈദരാബാദ് നഗരത്തില്‍ 14,000 ഭിക്ഷക്കാരുണ്ടെന്ന് ചില സംഘടനകള്‍ നടത്തിയ സര്‍വെയില്‍ വ്യക്തമായിരുന്നു. ഇതില്‍ 1500 ഓളം പേര്‍ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

chandrika: