ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി യുവതി സമരത്തില്‍. ജയ്പൂര്‍ സ്വദേശിനിയായ ഓം ശാന്തി ശര്‍മ്മയാണ് ആഗ്രഹ സഫലീകരണത്തിനായി ജന്ദര്‍മന്തറില്‍ സമരം നടത്തുന്നത്.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് വരുന്ന ഇവര്‍ കഴിഞ്ഞ സെപ്തംബര്‍ എട്ടുമുതലാണ് സമരവുമായി മുന്നോട്ട് നീങ്ങിയത്. 40 വയസ്സുള്ള ശാന്തിയുടെ ആദ്യ വിവാഹം അധികകാലം നീണ്ടുനിന്നില്ല. വിവാഹമോചിതയായ ഇവര്‍ക്ക് ഇരുപത് വയസ്സുള്ള ഒരു മകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ആവശ്യം മോദിയെ വിവാഹം കഴിക്കണമെന്നതാണ്. അതിനാണ് ജന്ദര്‍മന്തറിലെ സമരം.

എല്ലാവരും പറയുന്നു തനിക്ക് മാനസിക നില തെറ്റിയതാണെന്ന്. എന്നാല്‍ മോദിയെ സഹായിക്കാനാണ് താന്‍ സമരം ചെയ്യുന്നതെന്ന് ശാന്തി പറഞ്ഞു. കാലങ്ങള്‍ക്കു മുമ്പ് താന്‍ വിവാഹം ചെയ്തതാണ്. അതിപ്പോള്‍ നിലവിലില്ല. മോദിയും തന്നെപ്പോലെ ഒറ്റക്കാണ്. മോദിയെ ബഹുമാനിക്കുന്നു. ജനിച്ചുവളര്‍ന്ന സംസ്‌കാരമനുസരിച്ച് മൂത്തവരെ ബഹുമാനിക്കണമെന്നാണ് പഠിച്ചിട്ടുള്ളതെന്നും ശാന്തി പറയുന്നു.

ജയ്പൂരില്‍ തനിക്ക് കുറച്ച് സ്ഥലമുണ്ട്. അതില്‍ നിന്നും കുറച്ച് വിറ്റ് മോദിക്ക് സമ്മാനങ്ങള്‍ വാങ്ങിക്കാന്‍ പദ്ധതിയുണ്ടെന്നും ശാന്തി പറഞ്ഞു. മോദി തന്നെ കാണാന്‍ വരുന്നത് വരെ താന്‍ സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.