ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉടന്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സത്യാവസ്ഥ അറിയാന്‍ അവകാശമുണ്ടെന്ന് രാമസ്വാമി ഹര്‍ജിയില്‍ പറയുന്നു. നിജസ്ഥിതി ആരായുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആസ്പത്രിയിലെത്തി ജയലളിതയെ കണ്ടിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ ഡോ.റിച്ചാര്‍ഡ് ബീലിന്റെ ചികിത്സയിലാണ് ജയലളിതയിപ്പോള്‍.