X

ജയരാജ പോര് മുറുകുന്നു; രണ്ടുപേര്‍ക്കെതിരെയും അന്വേഷണത്തിന് മുറവിളി

കണ്ണൂരിലെ രണ്ട് പ്രധാന നേതാക്കള്‍ കൊമ്പുകോര്‍ത്തതിലൂടെ സി.പി.എമ്മിനുള്ളില്‍ സമീപകാലത്തെ ഏറ്റവും കടുത്ത പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത നേതാക്കള്‍ക്കും മൗനം. ജയരാജന്മാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് നേതാക്കളുടെ പൊതുവികാരം. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പിക്കെതിരായ അന്വേഷണത്തില്‍ തീരുമാനമുണ്ടായേക്കും. പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ച് വിവാദം അവസാനിപ്പിക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്.

ഇതിനിടെ ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചക്കു വരുമെന്നാണ് സൂചന. ഇ.പി ജയരാജന്‍ പോളിറ്റ്ബ്യൂറോ അംഗം ആയതിനാലാണിത്. പി.ബിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയെങ്കിലും ഇ.പി വിഷയം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പി.ബി യോഗത്തില്‍ ഇ.പിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഡല്‍ഹിയില്‍ ഇപ്പോള്‍ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു പിണറായിയുടെ മറുപടി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണുമോ എന്ന ചോദ്യത്തിനും പിണറായി മറുപടി നല്‍കിയില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അങ്ങോട്ടു വന്ന് പറയാമെന്നായിരുന്നു പ്രതികരണം.

ഇതിനിടെ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സമ്പാദ്യമെന്ന ആരോപണമുയര്‍ത്തി ഇ.പി ജയരാജനെതിരെ പടയൊരുക്കിയ പി. ജയരാജനെ തളയ്ക്കാന്‍ മറുവിഭാഗവും മുന്നോട്ടുവന്നിട്ടുണ്ട്. ഇ.പിയുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തിയ സാഹചര്യത്തില്‍ പി.ജെയുടെ ക്വട്ടേഷന്‍ ബന്ധവും അന്വേഷിക്കണമെന്നാണ് മറുവിഭാഗം മുന്നോട്ടുവെക്കുന്നത്. ഇതോടെ ജയരാജന്മാര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഈ സാഹചര്യത്തില്‍ തുറന്നപോര് ഒഴിവാക്കാനുള്ള നീക്കത്തിലാണ് സി.പി.എം സംസ്ഥാന നേതൃത്വം.

ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലസ്ഥലങ്ങളില്‍ നിന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തു ക്വട്ടേഷന്‍ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന് പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയുണ്ട്. വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ഇ.പിക്കെതിരെ അന്വേഷണം ഉണ്ടായാല്‍ പി.ജെക്കെതിരെയും അന്വേഷണം വേണമെന്ന നിലപാടിലാണ് ഈ വിഭാഗം. ഇതിനിടെ എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി ജയരാജന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി പങ്കെടുത്തേക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐ.എന്‍.എല്ലിന്റെ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.

ഇ.പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തിലാണ് പി.ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ അനധികൃത സ്വത്തുസമ്പാദനമാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സ്ഥാപനത്തിന്റെ സി.ഇ.ഒ തോമസ് ജോസഫ് രംഗത്തെത്തി. ഇ.പിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദേകം ആയുര്‍വേദ വില്ലേജില്‍ നിക്ഷേപിച്ചത്. അതില്‍ എന്താണ് തെറ്റെന്നും. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലെയല്ലല്ലോ ഇതെന്നും അദ്ദേഹം ചോദിച്ചു.

നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. അതൊന്നും കോടികളല്ല. അത് പ്രചാരണം മാത്രമാണ്. ഇ.പിയുടെ മകനും ഭാര്യയും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താല്‍പര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്. അല്ലാതെ അവരുടെ ഓഹരി പങ്കാളിത്തം വലുതായത് കൊണ്ടല്ല. ഇ.പിയുടെ മകന്റെ ഷെയര്‍ ഒന്നര ശതമാനമേ വരുന്നുള്ളൂ. ഇ.പിയുടെ മകന്‍ സ്ഥാപനത്തിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്. 2014ലാണ് മകന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പെട്ടത്. അന്ന് ഇ.പി മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ഇ.പി ജയരാജന്‍ – പി ജയരാജന്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രായപൂര്‍ത്തി സി.പി.എമ്മിന് എത്തിയിട്ടുണ്ടെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് കാനത്തിന്റെ മറുപടി.

webdesk11: