Connect with us

kerala

ജയരാജ പോര് മുറുകുന്നു; രണ്ടുപേര്‍ക്കെതിരെയും അന്വേഷണത്തിന് മുറവിളി

ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചക്കു വരുമെന്നാണ് സൂചന.

Published

on

കണ്ണൂരിലെ രണ്ട് പ്രധാന നേതാക്കള്‍ കൊമ്പുകോര്‍ത്തതിലൂടെ സി.പി.എമ്മിനുള്ളില്‍ സമീപകാലത്തെ ഏറ്റവും കടുത്ത പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത നേതാക്കള്‍ക്കും മൗനം. ജയരാജന്മാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് നേതാക്കളുടെ പൊതുവികാരം. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പിക്കെതിരായ അന്വേഷണത്തില്‍ തീരുമാനമുണ്ടായേക്കും. പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ച് വിവാദം അവസാനിപ്പിക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്.

ഇതിനിടെ ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചക്കു വരുമെന്നാണ് സൂചന. ഇ.പി ജയരാജന്‍ പോളിറ്റ്ബ്യൂറോ അംഗം ആയതിനാലാണിത്. പി.ബിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയെങ്കിലും ഇ.പി വിഷയം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പി.ബി യോഗത്തില്‍ ഇ.പിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഡല്‍ഹിയില്‍ ഇപ്പോള്‍ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു പിണറായിയുടെ മറുപടി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണുമോ എന്ന ചോദ്യത്തിനും പിണറായി മറുപടി നല്‍കിയില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അങ്ങോട്ടു വന്ന് പറയാമെന്നായിരുന്നു പ്രതികരണം.

ഇതിനിടെ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സമ്പാദ്യമെന്ന ആരോപണമുയര്‍ത്തി ഇ.പി ജയരാജനെതിരെ പടയൊരുക്കിയ പി. ജയരാജനെ തളയ്ക്കാന്‍ മറുവിഭാഗവും മുന്നോട്ടുവന്നിട്ടുണ്ട്. ഇ.പിയുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തിയ സാഹചര്യത്തില്‍ പി.ജെയുടെ ക്വട്ടേഷന്‍ ബന്ധവും അന്വേഷിക്കണമെന്നാണ് മറുവിഭാഗം മുന്നോട്ടുവെക്കുന്നത്. ഇതോടെ ജയരാജന്മാര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഈ സാഹചര്യത്തില്‍ തുറന്നപോര് ഒഴിവാക്കാനുള്ള നീക്കത്തിലാണ് സി.പി.എം സംസ്ഥാന നേതൃത്വം.

ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലസ്ഥലങ്ങളില്‍ നിന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തു ക്വട്ടേഷന്‍ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന് പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയുണ്ട്. വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ഇ.പിക്കെതിരെ അന്വേഷണം ഉണ്ടായാല്‍ പി.ജെക്കെതിരെയും അന്വേഷണം വേണമെന്ന നിലപാടിലാണ് ഈ വിഭാഗം. ഇതിനിടെ എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി ജയരാജന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി പങ്കെടുത്തേക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐ.എന്‍.എല്ലിന്റെ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.

ഇ.പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തിലാണ് പി.ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ അനധികൃത സ്വത്തുസമ്പാദനമാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സ്ഥാപനത്തിന്റെ സി.ഇ.ഒ തോമസ് ജോസഫ് രംഗത്തെത്തി. ഇ.പിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദേകം ആയുര്‍വേദ വില്ലേജില്‍ നിക്ഷേപിച്ചത്. അതില്‍ എന്താണ് തെറ്റെന്നും. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലെയല്ലല്ലോ ഇതെന്നും അദ്ദേഹം ചോദിച്ചു.

നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. അതൊന്നും കോടികളല്ല. അത് പ്രചാരണം മാത്രമാണ്. ഇ.പിയുടെ മകനും ഭാര്യയും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താല്‍പര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്. അല്ലാതെ അവരുടെ ഓഹരി പങ്കാളിത്തം വലുതായത് കൊണ്ടല്ല. ഇ.പിയുടെ മകന്റെ ഷെയര്‍ ഒന്നര ശതമാനമേ വരുന്നുള്ളൂ. ഇ.പിയുടെ മകന്‍ സ്ഥാപനത്തിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്. 2014ലാണ് മകന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പെട്ടത്. അന്ന് ഇ.പി മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ഇ.പി ജയരാജന്‍ – പി ജയരാജന്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രായപൂര്‍ത്തി സി.പി.എമ്മിന് എത്തിയിട്ടുണ്ടെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് കാനത്തിന്റെ മറുപടി.

kerala

‘യുഡിഎഫിന്റെ ഉജ്ജ്വല ജയം; പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു’ -സന്ദീപ് വാര്യര്‍

സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു എന്ന് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. വര്‍ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയം -ഡോ. അബ്ദുസ്സമദ് സമദാനി എംപി

മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി.

Published

on

മലപ്പുറം: മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്ന ജനഹിതം കൂടിയാണ് ഇതില്‍ പ്രതിഫലിച്ചിരിക്കുന്നത് എന്ന്  ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി.

ആരെന്തു പറഞ്ഞാലും യുഡിഎഫ് കേരളത്തിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയ സംവിധാനം എന്നതോടൊപ്പം സാമൂഹിക മൈത്രിയുടെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും സാംസ്‌കാരിക പ്രതീകം കൂടിയാണ് . രാഷ്ട്രീയവും പാര്‍ട്ടിയും എന്തുമേതുമാകട്ടെ നാട്ടുകാരുടെ സൗഹൃദവും സമുദായങ്ങള്‍ക്കിടയിലെ മൈത്രിയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിസ്ഥാനപരമായി പരസ്പര സൗഹൃദവും സാമൂഹിക സമാധാനവും പുലര്‍ത്തുന്ന കേരള ജനത അത് അനുവദിക്കുകയില്ല. ഈ പാഠങ്ങളെല്ലാം അതിമഹത്തായ ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് സമദാനി പ്രതികരിച്ചു.

പൊന്നാനി ലോക്‌സഭാ നിയോജക മണ്ഡലത്തിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളെപ്പോലെ യുഡിഎഫിന്റെ തേരോട്ടം നടക്കുകയാണ്. പല മുനിസിപ്പാലിറ്റികളിലും ഒട്ടേറെ പഞ്ചായത്തുകളിലും കഴിഞ്ഞ കാലത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം ഇത്രയും കാലം യുഡിഎഫിന് ഭരണം ലഭിച്ചിട്ടില്ലാത്ത ചില പഞ്ചായത്തുകള്‍ ശക്തമായ മുന്നേറ്റത്തോടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ അഭിമാനവും ആഹ്ലാദവും പകരുന്നതാണീ വിജയഭേരി. കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ വ്യക്തവും വര്‍ണ്ണശബളവുമായ യുഡിഎഫ് തരംഗമാണ് കേരളം മുഴുക്കെ പ്രകടമായിരിക്കുന്നത്. യുഡിഎഫിനെ വിജയത്തിലേറ്റിയ ജനങ്ങള്‍ക്ക് അഭിവാദ്യം ചെയ്യുകയും ചെയ്തു.

 

Continue Reading

kerala

‘ഒരു മാസത്തെ ശമ്പളം മുടക്കി വന്നു, മെസ്സി 10 മിനിറ്റ് മാത്രമെത്തി’; കൊല്‍ക്കത്തയില്‍ ആരാധക പ്രതിഷേധം

മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.

Published

on

കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെസ്സി വളരെ കുറച്ചുസമയം മാത്രമേ പങ്കെടുത്തുള്ളൂ എന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.

മോഹന്‍ ബഗാന്‍-ഡയമണ്ട് ഹാര്‍ബര്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ആരാധകരെ അഭിസംബോധന ചെയ്യാതെയും ഫുട്ബോള്‍ കളിക്കാതെയും അദ്ദേഹം ഏകദേശം 10 മിനിറ്റ് മാത്രം വേദിയില്‍ ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ‘കൊല്‍ക്കത്തയ്ക്ക് ഇന്ന് കറുത്ത ദിനമാണ’ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

‘മുഴുവന്‍ ഗതാഗതക്കുരുക്കായിരുന്നു, മാനേജ്മെന്റ് വളരെ മോശമായിരുന്നു. ഇവിടെ ഉള്ള എല്ലാവര്‍ക്കും ഫുട്ബോളിനോട് സ്നേഹമുണ്ട്. ഞങ്ങള്‍ മെസ്സിയെ കാണാന്‍ മാത്രമാണ് വന്നത്. പക്ഷേ ഇത് വലിയൊരു തട്ടിപ്പായി മാറി. പണം തിരികെ വേണം. മന്ത്രിമാര്‍ അവരുടെ കുട്ടികളുമായി മുന്‍നിരയില്‍ ഉണ്ടായിരുന്നു, സാധാരണ ആരാധകര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല.

ഞങ്ങള്‍ വളരെ ദുഃഖിതരാണ്,’ ഒരു ആരാധകന്‍ പറഞ്ഞു. മറ്റൊരു ആരാധകന്‍ ദേഷ്യത്തോടെ പ്രതികരിച്ചു, ‘ഒരു ഗ്ലാസ് തണുത്ത പാനീയത്തിന് പോലും 150-200 രൂപയാണ് വില. എന്നിട്ടും കുടിക്കാന്‍ വെള്ളം പോലും ലഭിച്ചില്ല. ടിക്കറ്റിനായി ഞാന്‍ 5,000 രൂപ നല്‍കി. ഒരു മാസത്തെ ശമ്പളം ചെലവഴിച്ചാണ് ആളുകള്‍ വന്നത്. മെസ്സിയെ കാണാനാണ് ഞങ്ങള്‍ വന്നത്, രാഷ്ട്രീയക്കാരെ കാണാനല്ല. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സെല്‍ഫിയെടുക്കുകയായിരുന്നു.

ഇതിന് മുഴുവന്‍ ഉത്തരവാദിത്തം മാനേജ്മെന്റിനാണ്.’ ‘അദ്ദേഹം ഒരു കിക്ക് പോലും എടുത്തില്ല, ഒരു പെനാല്‍റ്റി പോലും എടുത്തില്ല. ഷാരൂഖ് ഖാനെയും എത്തിക്കുമെന്ന് പറഞ്ഞു, ആരെയും കൊണ്ടുവന്നില്ല. വെറും 10 മിനിറ്റ് വന്ന് പോയി. ഇത്രയും പണവും സമയവും നഷ്ടമായി,’ മറ്റൊരു ആരാധകനും പ്രതികരിച്ചു. മെസ്സിയെ ചുറ്റിപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളും മന്ത്രിമാരും നിലയുറപ്പിച്ചതോടെ, ആരാധകര്‍ പലതവണ അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ത്തുവിളിച്ചെങ്കിലും അത് അംഗീകരിച്ചില്ല.

സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ ഒപ്പമുണ്ടായിരുന്നു. ആളുകളുടെ തിരക്കിനെ തുടര്‍ന്ന് പ്രസ് ബോക്സില്‍ നിന്നുപോലും മെസ്സിയെ വ്യക്തമായി കാണാനായില്ലെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മെസ്സി ഗ്രൗണ്ട് വിട്ടതോടെ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എറിയുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Continue Reading

Trending