ലാതിഹാര്‍ (ഝാര്‍ഖണ്ഡ്): ഝാര്‍ഖണ്ഡിലെ ലാതീഹാറില്‍ കാലിക്കച്ചവടക്കാരനായ മസ്‌ലൂം അന്‍സാരിയെയും (32) ഇംതിയാസ് ഖാനെയും (11) തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി കാലികളെ കവര്‍ന്ന എട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള ഗോരക്ഷാദള്‍ അംഗങ്ങളായ എട്ടുപേര്‍ക്കും 25,000 രൂപ പിഴ ചുമത്തിയ ലാതീഹാര്‍ അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി റാഷികേഷ് കുമാര്‍, പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി ബുധനാഴ്ച വിധിച്ചിരുന്നു.

2016 മാര്‍ച്ച് 18ന് ലാതീഹാര്‍ ജില്ലയിലെ ഝാബര്‍ ഗ്രാമത്തിലാണ് പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ ആക്രമണം നടന്നത്. പ്രതികളായ വിശാല്‍ കുമാര്‍ തിവാരി, സഹദേവ് സോനി, മനോജ് സോ, അവധേശ് സോ, മനോജ് കുമാര്‍, അരുണ്‍ സോ, മിഥിലേഷ് കുമാര്‍, പ്രമോദ് സോ എന്നിവരെ വിധി വന്നയുടന്‍ ലാതീഹാര്‍ ജയിലിലേക്ക് മാറ്റി. പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ ആദ്യമായി ഝാര്‍ഖണ്ഡില്‍ നടത്തിയ ആള്‍ക്കൂട്ട കൊലയാണിത്. കൊലക്കും തെളിവ് നശിപ്പിച്ചതിനും കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച എല്ലാവരെയും ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തിരുന്നു.