നാദാപുരം: മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് റിബലായി മത്സരിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് മുസ് ലിം ലീഗ്. മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന മുസ് ലിം ലീഗും ആ പാര്‍ട്ടി ഉള്‍ക്കൊള്ളുന്ന മുന്നണിയും അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണ്.

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളരെ ആലോചിച്ചുകൊണ്ട് ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് റിബലായി മത്സരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ പറഞ്ഞു. നാദാപുരം പുളിയാവില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു തങ്ങള്‍. ചെക്യാട് പഞ്ചായത്തിലെ ജാതിയേരി വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് കുറുവയില്‍, പുളിയാവ് വാര്‍ഡ് സ്ഥാനാര്‍ത്ഥി സുബൈര്‍ പാറേമ്മല്‍ എന്നിവരെ തങ്ങള്‍ ആശീര്‍വദിച്ചു.

ആര്‍.വി കുട്ടിഹസന്‍ ദാരിമി, ഫുജൈറ കെഎംസിസി ജനറല്‍ സെക്രട്ടറി യു.കെ റാഷിദ്, ബെംഗളൂരു കെഎംസിസി വൈസ് പ്രസിഡന്റ് അസീസ് പുളിയച്ചേരി എന്നിവരും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.