സുൽത്താൻ ബത്തേരി: ആച്ചിക്കുളത്തെ വീട്ടിലേക്ക് ഇത്തവണയും ആ ഭാഗ്യമെത്തി. മകനിലൂടെ കഴിഞ്ഞ അഞ്ച് വർഷം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൈവന്ന വീ്ട്ടിലേക്ക് ഇത്തവണ മരുമകളിലൂടെയും ആച്ചിക്കുളത്തെ വീട്ടിലെത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് മുസ്്‌ലിം ലീഗിലെ ജിസ്‌റ മുനീർ ആച്ചിക്കുളമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണസമിതിയിൽ നിന്നും ഭർത്താവ് മുനീർ ഒഴിഞ്ഞപ്പോൾ ആകസ്മികമെന്നോണം അതേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത് ഭാര്യ ജിസ്‌റ.

വാർഡ് 18 പട്ടാണിക്കൂപ്പിൽ നിന്നും വിജയിച്ചാണ് ജിസ്‌റ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത്. കഴിഞ്ഞ തവണ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ചത് ജിസ്‌റയുടെ ഭർത്താവ് മുനീർ ആച്ചിക്കുളമായിരുന്നു. പിന്നീട് മുനീർ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശ്ലാഘനീയമായ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് മുനീർ പഞ്ചായത്തിന്റെ പടിയിറങ്ങിയത്. പിന്നീട് പതിനെട്ടാം വാർഡ് സ്ത്രീ സംവരണമായപ്പോൾ മുനീറിന്റെ ഭാര്യ ജിസ്‌റെ സ്ഥാനാർത്ഥിയായി നിർത്തുകയായിരുന്നു മുസ്്‌ലിം ലീഗ്. വാശിയേറിയ പോരാട്ടത്തിൽ ജിസ്‌റ മികച്ച വിജയം നേടുകയും ചെയ്തു. ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇനി ജിസ്‌റക്ക് കൂട്ടായും മാതൃകയായും മുനീറുമുണ്ടാവും.

ബി എസ് സി ബിരുദദാരിയായ ജിസ്‌റ, ബി എഡും പൂർത്തിയാക്കിയാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പഠിക്കാൻ മിടുക്കിയായിരുന്ന ജിസ്‌റയുടെ മനസ് നിറയെ ഇപ്പോൾ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസനസ്വപ്‌നങ്ങളാണ്. ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആഗ്രഹങ്ങൾക്കൊത്ത് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജിസ്‌റ പറയുന്നു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി ജിസ്‌റ വന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, വികസനപ്രവർത്തനങ്ങളുടെ തുടർച്ച പുതിയ ഭരണസമിതിയിലൂടെയും ജിസ്‌റയിലൂടെ പ്രാവർത്തികമാവട്ടെയെന്നും മുനീറും ആശംസിക്കുന്നു.

ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂൾ, മാനന്തവാടി മേരിമാതാ കോളജ്, പുൽപ്പള്ളി സി കെ രാഘവൻ മെമ്മോയിൽ ബി എഡ് സെന്റർ എന്നിവിടങ്ങളിലായിരുന്നു ജിസ്‌റയുടെ പഠനം. പുൽപ്പള്ളി സെന്റ്‌മേരീസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയായ ഹിന, മൂന്ന് വയസുകാരിയായ നിഹ എന്നിവരാണ് ഈ പൊതുപ്രവർത്തക ദമ്പതികളുടെ മക്കൾ.