X

ബി.ജെ.പിയില്‍ ചേരുന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയായി ജിതിന്‍ പ്രസാദ പറഞ്ഞു. താന്‍ എന്തിന് ഇത്തരത്തിലുളള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ഇത്തരം ചോദ്യങ്ങള്‍ക്ക് ചില അടിസ്ഥാനകാരണങ്ങള്‍ ഉണ്ടെന്ന് കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുളള അഭിപ്രായഭിന്നതയെ തുടര്‍ന്ന് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ധൗരാഹ്‌റ മണ്ഡലത്തില്‍ ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.

ഉത്തര്‍പ്രദേശില്‍ സീതാപൂര്‍, ലാക്കിംപൂര്‍ഖേരി ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജിതിന്‍ പ്രസാദയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവിടെ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് താനുമായി നേതൃത്വം ചര്‍ച്ച ചെയ്യാതിരുന്നതില്‍ ജിതിന്‍ പ്രസാദ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരാന്‍ ജിതിന്‍ പ്രസാദ നീക്കം ആരംഭിച്ചതായാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജിതിന്‍ പ്രസാദ തന്നെ വ്യക്തമാക്കുകയായിരുന്നു.

chandrika: