ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.

കശ്മീരിലെ കുല്‍ഗാം മണ്ഡലത്തിലും നിന്നും നാലു തവണ സിപിഎം പ്രതിനിധികരിച്ച എംഎല്‍എയാണ് തരഗാമി. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി അസാധുവാക്കിയ ആഗസ്റ്റ് 5ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ ശ്രീനഗര്‍ ഗുപ്കാര്‍ റോഡിലെ വീട്ടില്‍ തടവിലാക്കിയത്. ഈദ് ദിനത്തില്‍ പോലും ബന്ധുക്കളെയോ സഹപ്രവര്‍ത്തകരെയോ കാണാന്‍ അനുവദിക്കാതെ ഏകാന്തത്തടവിലാണെന്നാണ് റിപ്പോര്‍ട്ട്.

72 കാരനായ തരിഗാമിയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് റിട്ട് ഹരജി നല്‍കിയതെന്ന് സി.പി.ഐ.എം അറിയിച്ചു. തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യെച്ചൂരിയടമുള്ള സംഘത്തെ സുരക്ഷാസേന തിരിച്ചയക്കുകയായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ സംഘത്തെ ശ്രീനഗര്‍ വിമാനകത്താവളത്തില്‍ സുരക്ഷാ സേന തടയുകയായിരുന്നു. രാഹുലിനൊപ്പം ശ്രീനഗര്‍ വിമാന താവളത്തിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ, കെ സി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പ്രതിപക്ഷനേതാക്കളെയും സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ ഒരു മണിക്കൂറോളം തടഞ്ഞു നിര്‍ത്തിയാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് മടക്കിയയച്ചത്.