ന്യൂഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഒരു ഫ്ളാറ്റിലാണ് സംഭവം. കൃത്യവുമായി ബന്ധപ്പെട്ട്  രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തവാബ് അഹമ്മദ് (27), സുലൈമാന്‍ അഹമ്മദി (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവന്റ് മാനേജറായി ജോലി ചെയ്തുവരുന്ന പ്രതികളില്‍ ഒരാളായ തവാബിന് യുവതിയുമായി പരിചയമുള്ളതായി ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മോയ് ബിസ്വാള്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഹൗസ് ഖാസ് ഗ്രാമത്തിലെ ഒരു പബ്ബില്‍ വെച്ചാണ് ബി.എ.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പരാതിക്കാരിയെ തവാബ് പരിചയപ്പെടുന്നത്. പബ്ബില്‍ വച്ച് ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറിയായും പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഗ്രീന്‍ പാര്‍ക്കിലെ ഫ്ളാറ്റില്‍ തവാബ് പാര്‍ട്ടിക്ക് ക്ഷണിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തവാബിന്റെ സുഹൃത്തുക്കളായ സുലൈമാന്‍, സിദ്ധാന്ത്, പ്രത്യുഷ എന്നിവരു പാര്‍ട്ടിക്കുണ്ടായിരുന്നു.

പാര്‍ട്ടിക്ക് ശേഷം സുഹൃത്തിനെ ജെഎന്‍യുവില്‍ കൊണ്ടാക്കിയ പെണ്‍കുട്ടി തവാബിന്റെ മുറിയിലേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നു തവാബിനൊപ്പം ചേര്‍ന്നു കഴിച്ച അമിത ലഹരിയെ തുടര്‍ന്നു മയങ്ങിപ്പോവുകയുമായിരുന്നു. രാവിലെ കണ്ണു തുറന്നപ്പോഴാണ് താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ട വിവരം യുവതി മനസിലാക്കുന്നത്.

തുടര്‍ന്ന് കോളേജ് ഹോസ്റ്റലിലേക്ക് പോയ പെണ്‍കുട്ടി വിവരം രണ്ട് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഇവരാണ് വിദ്യാര്‍ത്ഥിനിയെ സഫ്ദര്‍ജങ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് അഫ്ഗാന്‍ പൗരമാരായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി.