X

ടോട്ടന്‍ഹാമിനെ തകര്‍ത്ത് ജോവാന്‍ ഗാംപര്‍ ട്രോഫി ബാഴ്‌സക്ക്

ജോവാന്‍ ഗാംപര്‍ ട്രോഫി ചാംപ്യന്മാരായി സ്പാനിഷ് സൂപ്പര്‍സ്റ്റാര്‍സ് എഫ്.സി ബാഴ്സലോണ. ബാഴ്സലോണയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്ത് വിട്ടത്. അവസാനത്തെ 12 മിനിറ്റിനുള്ളില്‍ 3 ഗോളുകള്‍ പിറന്ന ആവേശ മത്സരത്തിനൊടുവിലാണ് ബാഴ്സലോണ, ജോവാന്‍ ഗാംപര്‍ ട്രോഫി സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് എടുക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു. മൂന്നാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്സയ്ക്ക് വേണ്ടി ഗോള്‍ വേട്ട ആരംഭിച്ചത്. 24-ാം മിനിറ്റില്‍ ടോട്ടന്‍ഹാം സമനില ഗോള്‍ കണ്ടെത്തി. ഒലിവര്‍ സ്‌കിപ്പ് ആയിരുന്നു ബാഴ്സയുടെ വല കുലുക്കിയത്. 36-ാം മിനിറ്റില്‍ ഒലിവര്‍ സ്‌കിപ്പിലൂടെ തന്നെ ടോട്ടന്‍ഹാം ലീഡ് ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ ഒന്‍പത് മിനിറ്റ് ശേഷിക്കേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സ പിന്നിലായിരുന്നു.

എന്നാല്‍ 81-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്സയുടെ രക്ഷകനായി അവതരിച്ചു. സമനില ഗോള്‍ നേടിയ ആത്മവിശ്വാസത്തില്‍ ബാഴ്സ പിന്നീട് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 90-ാം മിനിറ്റില്‍ അന്‍സു ഫാത്തി ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇഞ്ച്വറി ടൈമില്‍ അബ്‌ഡെ എസല്‍സൗലിയുടെ ഗോളിലൂടെ ബാഴ്സ ആധികാരികവിജയം ഉറപ്പിച്ചു. മത്സരത്തിന്റെ 80-ാം മിനിറ്റില്‍ ബാഴ്സയുടെ മുന്നേറ്റതാരമായ 16 കാരന്‍ ലാമിന്‍ യമലിന്റെ വരവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അവസാന നിമിഷങ്ങളില്‍ ബാഴ്സ നേടിയ മൂന്ന് ഗോളുകളിലും യമലും പങ്കാളിയായിരുന്നു

 

webdesk13: