X

ബാഴ്‌സ പ്രതിസന്ധിക്ക് വലിയ ട്വിസ്റ്റ്; ക്ലബ് പ്രസിഡന്റ് ബെര്‍തോമ്യു രാജിവച്ചു

ബാഴ്സലോണ: ചാമ്പ്യന്‍ഷിപ്പുകളിലെ തുടര്‍ച്ചയായ തോല്‍വിക്കും സൂപ്പര്‍ താരം ലയണല്‍ മെസി വിവാദത്തിനും പിന്നാലെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ തുടരുന്ന പ്രതിസന്ധിക്ക് വലിയ ട്വിസ്റ്റ്. മെസിയുടെ ട്രാന്‍സ്ഫര്‍ അടക്കം വിവാദ വിഷയങ്ങളില്‍ ആരോപണ വിധേയനായ സ്പാനിഷ് ക്ലബ് ബാഴ്സലോണ എഫ്സിയുടെ പ്രസിഡന്റ് ജോസഫ് മരിയ ബെര്‍തോമ്യു രാജിവച്ചു.

ചൊവ്വാഴ്ച വൈകിട്ട് നടന്ന യോഗത്തിനൊടുവിലാണ് ബെര്‍തോമ്യുവും ഭരണസമിതിയും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. മെസി വിവാദത്തിനും സുവാരസിന്റെ പുറത്താവലിനും പിന്നാലെ ക്ലബ് പ്രസിഡന്റിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ നവംബര്‍ ആദ്യവാരം നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കേയാണ് ബെര്‍തോമ്യുവിന്റെ രാജി. ആറുവര്‍ഷം പ്രസിഡന്റായി അധികാരത്തിലിരുന്ന ബെര്‍തോമ്യു കഴിഞ്ഞ കുറേ നാളുകളായി ആരോപണങ്ങളുടെ മുള്‍മുനയിലായിരുന്നു.

ക്ലബ് വിടാനുള്ള മെസിയുടെ തീരുമാനത്തിന് പിന്നാലെ എല്ലാത്തിനും കാരണം ബാഴ്‌സ ഭരണസമിതിയാണെന്ന വാദം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ ക്ലബ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ആരാധകര്‍ ബെര്‍തോമ്യുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.

ഇതിനിടെ ബെര്‍തോമ്യുവിനെതിരെ സൂപ്പര്‍താരം ലിയോണല്‍ മെസി പരസ്യമായി രംഗത്തെത്തുക വരേയുണ്ടായി. ഒന്നെങ്കില്‍ മെസി അല്ലെങ്കില്‍ ബെര്‍തോമ്യു, എന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു. രണ്ടിലൊരാള്‍ മാത്രമേ ക്ലബില്‍ നിലനില്‍ക്കൂ എന്ന നിലയില്‍ പോര് മൂര്‍ച്ഛിച്ചതോടെ മെസി തുടര്‍ന്നാല്‍ താന്‍ രാജിക്ക് തയാറാണെന്ന് വ്യക്തമാക്കി ബെര്‍തോമ്യു രംഗത്തെത്തുകയുമുണ്ടായി. ബെര്‍തോമ്യുവിന്റെ ഭരണ വീഴ്ചയില്‍ എതിര്‍ത്ത് ആറ് ഭരണസമിതി അംഗങ്ങള്‍ ഏപ്രില്‍ മാസം രാജിവച്ചിരുന്നു.

ബാഴ്സയുടെ പ്രസിഡന്റായി ബെര്‍തോമ്യു 2014ലാണ് ചുമതലയേറ്റത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്സലോണയ്ക്ക് സാധിക്കാതിരുന്നതും പുതിയ താരങ്ങളെ സൈന്‍ ചെയ്യാതിരുന്നതും സാമ്പത്തിക പ്രശ്നങ്ങളും ബെര്‍തോമ്യുവിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. മാത്രമല്ല ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിക്കിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലായിരുന്നു. ഉടനടി ബെര്‍തോമ്യു രാജിവയ്ക്കണം എന്ന ആവശ്യം അന്ന് ശക്തമായി.

chandrika: