X
    Categories: MoreViews

ഇതുപോലുള്ള ദുരന്തങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഇനിയെങ്കിലും പോരായ്മകള്‍ തിരിച്ചറിയണം

നമ്മള്‍ എത്രപേര്‍ ശ്രദ്ധിച്ചുവെന്നു അറിയില്ല, ഇന്ന് മ്യാന്‍മറില്‍ ഒരു ഡാമിന്റെ സ്പില്‍വേ തകര്‍ന്ന് 90 ഗ്രാമങ്ങള്‍ മുങ്ങി. പ്രധാനപ്പെട്ട പാതകള്‍ വെള്ളത്തിലായി. ആറു പേര്‍ മരിച്ചു. എഴുപതിനായിരം പേരെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചിരിക്കുന്നത്.
‘സുരക്ഷിതം’ എന്നു അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ജലസേചന ഡാമാണ് തകര്‍ന്നത്.

മ്യാന്‍മറിന്റെ അയല്‍രാജ്യമായ ലാവോസില്‍ ജലവൈദ്യുത പദ്ധതിയുടെ ഡാം തകര്‍ന്നത് കഴിഞ്ഞ മാസമാണ്. ഒരു വലിയ പ്രവിശ്യ മുങ്ങി. 35 പേര്‍ മരിച്ചു. നൂറുകണക്കിന് പേരെ കാണാതായി. ഇതും സര്‍ക്കാര്‍ ‘സുരക്ഷിത’മെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഡാമായിരുന്നു.

അണക്കെട്ടുകളും അതിനോട് ചേര്‍ന്നുള്ള മനുഷ്യരുടെയും പ്രകൃതിയുടെയും നിലനില്‍പ്പും ലോകമെങ്ങും വലിയ ആശങ്കയായി ഉയരുകയാണ്.
ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ആ ചര്‍ച്ച പോകുന്നത് വഴിതെറ്റിയാണ്.

‘ഇങ്ങനെതന്നെയാണ് ഡാമുകള്‍ കൈകാര്യം ചെയ്യേണ്ടത്’ എന്നു ഭക്തര്‍. ‘അതല്ല, പിണറായി കേരളത്തെ മുക്കുകയായിരുന്നു’ എന്നു വിരുദ്ധര്‍.
സത്യം ഇതിനിടയില്‍ എവിടെയോ ആര്‍ക്കും വേണ്ടാതെ കിടക്കുന്നു.

എല്ലാവരും ഡാം വിദഗ്ധര്‍ ആയ ഈ കാലത്ത് ശരിയായ വിദഗ്ധരുടെ വാക്കുകള്‍ എവിടെയെങ്കിലും വരുന്നുണ്ടോ എന്നു നോക്കുകയായിരുന്നു ഞാന്‍.
ചിലതൊക്കെ കണ്ടു.
ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ നായര്‍ രാജീവന്റെ പ്രതികരണം ‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ വായിച്ചു,
‘നമ്മുടെ രാജ്യത്തെ വലിയ ജലസംഭരണികള്‍ക്കൊന്നും കൃത്യമായ ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്ന ജലനിയന്ത്രണ സംവിധാനം ഇല്ല. ഇനിയെങ്കിലും അതു വേണം എന്നാണ് കേരളം നല്‍കുന്ന പാഠം.’

പിന്നീട് മനോരമയിലെ ജോമി തോമസിന് നല്‍കിയ അഭിമുഖത്തില്‍ രാജീവന്‍ ഇത്രകൂടി പറഞ്ഞു, ‘ഇന്‍ഡ്യയില്‍ എവിടെയും ശാസ്ത്രീയമായ ഡാം മാനേജ്‌മെന്റ് ഇല്ല. നമ്മുടെ രാജ്യത്തു കാലാവസ്ഥാ നിരീക്ഷണം ഉണ്ടെങ്കിലും അതിനെ ഡാമുകളിലെ ജലനിരപ്പുമായി ബന്ധിപ്പിച്ചുള്ള പ്രവചനങ്ങള്‍ ഇല്ല.’ ആരെയും കുറ്റപ്പെടുത്താന്‍ മുതിരുന്നില്ലെങ്കിലും ഡാമുകള്‍ കൈകാര്യം ചെയ്തതിലെ പോരായ്മകള്‍ കേരളത്തിലെ പ്രളയത്തിന്റെ ആഘാതം കൂട്ടി എന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്.

ഡല്‍ഹി ഐ ഐ ടി യിലെ പ്രൊഫസര്‍ എ. കെ ഗോസയിനും ഇതേ കാര്യം പറഞ്ഞുകണ്ടു, ‘ഡാം നിറയുമ്പോള്‍ തുറക്കുക, അതുവരെയും സംഭരിക്കുക എന്ന ലളിതബുദ്ധിയിലാണ് ഇന്ത്യയിലെ ഡാമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മനോഭാവമാണ് കേരളത്തില്‍ ദുരന്തമായത്.’

രണ്ടു പതിറ്റാണ്ടായി ഏഷ്യയിലെ ഡാമുകള്‍ സംബന്ധിച്ചു ജനകീയ പഠനങ്ങള്‍ നടത്തുന്ന ഹിമാന്‍ഷു താക്കറിന്റെ നിരീക്ഷണം ബി.ബി.സിയില്‍ കണ്ടു. അദ്ദേഹം പറയുന്നു, ‘ഇന്‍ഡ്യയിലെ വലിയ അണക്കെട്ടുകളുടെയെല്ലാം നിയന്ത്രണം വൈദ്യുതി ഉത്പാദക കമ്പനികള്‍ക്കാണ്. അവരുടെ നോട്ടം വൈദ്യുതഉത്പാദനം മാത്രമാണ്. അവസാന നിമിഷംവരെ ജലം സംഭരിക്കാന്‍ ആണ് അവര്‍ ശ്രമിക്കുക.’

ഹിമാന്‍ഷു ചൂണ്ടിക്കാട്ടിയ ആ ‘ലാഭമോഹം’ കേരളത്തില്‍ കെ.എസ്.ഇ.ബിയും പ്രകടിപ്പിച്ചു.

ഡാം കൈകാര്യം ചെയ്യുന്നതില്‍ ശാസ്ത്രീയവും കൃത്യവുമായ രീതി ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വളരെയേറെ കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു പറഞ്ഞവരില്‍ ഐ.ഐ.ടി റൂര്‍ക്കിയിലെ പ്രൊഫസര്‍ നയന്‍ ശര്‍മയും ഉണ്ട്. 2011ല്‍ കേരളം ഉണ്ടാക്കിയ ഡാം സുരക്ഷാപഠന സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ഇത്തവണ ഡാം തുറന്നതിലെ പാളിച്ചകള്‍ കേരളം അന്വേഷിക്കണമെന്നും പഠിക്കണമെന്നും ശര്‍മ പറയുന്നു.

ചുരുക്കത്തില്‍, തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കപ്പെടുമ്പോള്‍ അതില്‍ കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് സംവിധാനവും വേണം. ഇന്ന് നമ്മള്‍ ജീവനുവേണ്ടി കേണതുപോലെ നാളെ നമ്മുടെ മക്കളും വിലപിക്കേണ്ടി വരരുത്.

പക്ഷേ, കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് ഉണ്ടാവാന്‍ ആദ്യം വേണ്ടത് ഇപ്പോള്‍ സംഭവിച്ച പോരായ്മകള്‍ കണ്ടെത്തുകയാണ്.
ഏതു വസ്തുതയും അമിതമായി കക്ഷിരാഷ്ട്രീയവത്കരിക്കപ്പെടുന്ന കേരളത്തില്‍ അത്തരമൊരു വസ്തുതാന്വേഷണം ഉണ്ടാകുമോ? സംശയമാണ്.
നിയമസഭയില്‍ മിണ്ടാന്‍ കഴിയാതെപോയ സജി ചെറിയാന്‍ സാക്ഷി!

അബ്ദുല്‍ റഷീദ്‌

chandrika: