X
    Categories: NewsViews

‘സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല’; കേന്ദ്രസര്‍ക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍

മുംബൈ: മോദിസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വര്‍. സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോംബെ ഐ.ഐ.ടിയില്‍ അംബേദ്കര്‍ മെമ്മോറിയല്‍ ലെക്ചറില്‍ പങ്കെടുത്തു സംസാരിക്കവേ ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ചെലമേശ്വറിന്റെ പരാമര്‍ശം.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന പാര്‍ലമെന്റിനേയും നിയമസഭയേയും അനുവദിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം സാധുവല്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സംവരണം കോടതി കടക്കുമോ എന്നു കാത്തിരുന്നു കാണാം. ഭരണഘടന ഇതിന് സാധുത നല്‍കുന്നില്ല എന്ന് എനിക്ക് പറയാന്‍ കഴിയുമെന്നും ചെലമേശ്വര്‍ പറഞ്ഞു.

എട്ടുലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണബില്‍. 50ശതമാനത്തിലധഇകം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്തുശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

chandrika: