X
    Categories: MoreViews

ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തിന്റെ അമിത ഇടപെടലിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍ രംഗത്ത്. സര്‍ക്കാര്‍ ഇടപെടലിനെതിരെ ചെലമേശ്വര്‍ സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി. കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിമായി ഉയര്‍ത്താനുള്ള കോളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ മടക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ കോളീജിയം വീണ്ടും അതേ ശിപാര്‍ശ അയച്ചെങ്കിലും രണ്ടാമതും മടക്കി അയക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെയാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് ചെലമേശ്വര്‍ കത്തയച്ചിരിക്കുന്നത്.

സെഷന്‍സ് ജഡ്ജി പി കൃഷ്ണ ഭട്ടിനെതിരെ അന്വേഷണം നടത്തുന്നതിനായി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കേന്ദ്ര നീക്കത്തെ ചോദ്യം ചെയ്തു രംഗത്തു വന്നതോടെ അന്വേഷണം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേക കാരണമൊന്നുമില്ലാതെയാണ് ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെ മോദി സര്‍ക്കാര്‍ തടഞ്ഞതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ആഴ്ച നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര നിയമമന്ത്രാലയം നേരിട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതിനേയും ചെലമേശ്വര്‍ ചോദ്യം ചെയ്തു. ഇത്തരം നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ഉചിതമല്ലെന്നും ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ചെലമേശ്വര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് പത്ര സമ്മേളനം നടത്തിയത് നേരത്തെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ചെലമേശ്വറായിരുന്നു.

chandrika: