X
    Categories: CultureMoreNewsViews

പൊലീസും ബിഷപ്പും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ട്; പൊലീസിനെതിരെ ജ. കമാല്‍ പാഷ

കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. പൊലീസും ബിഷപ്പ് ഫ്രാങ്കോ മുളക്കലും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കമാല്‍ പാഷ പറഞ്ഞു. ബിഷപ്പിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കാത്തത് ഇതിന് ഏറ്റവും വലിയ തെളിവാണ്. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തതും പൊലീസിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം അന്തിമ ഘട്ടത്തിലെന്നാണ് ഡി.ജി.പി പറഞ്ഞത്. എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. കേരളത്തില്‍ നടക്കുന്നത് നാണംകെട്ട കാര്യങ്ങളാണ്. ഡി.ജി.പിക്ക് നാണമില്ലേയെന്ന് കമാല്‍ പാഷ ചോദിച്ചു. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ലെന്നാണ് ചില നരാധമന്‍മാര്‍ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതിന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ്. ഇത്തരം വൃത്തികെട്ട കേസ് തന്റെ ന്യായാധിപ ജിവിതത്തില്‍ കേട്ടിട്ടില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും കമാല്‍ പാഷ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: