X

‘മുമ്പുള്ളതിനേക്കാളേറെ നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമുണ്ട്’; സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്

അഹമ്മദാബാദ്: പൊലീസിനെയും ജുഡീഷ്യറിയെയും വ്യക്തിപരമായ കുടിപ്പക തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് സര്‍ക്കാരെന്ന് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ശക്തിയേറിയ പോരാട്ടത്തിന്റെ സമയമാണിത്. മുമ്പുള്ളതിനേക്കാളേറെ ഊക്കോടെ നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമുണ്ട്. അതിന് മാത്രമേ സഞ്ജീവിനെ ജയിലില്‍നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിക്കാനാകൂ എന്ന് ശ്വേത പറഞ്ഞു. ഭട്ടിനെ അറസ്റ്റു ചെയ്ത പൊലീസുകാരോട് തനിക്ക് ദേഷ്യമല്ല, സഹതാപമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.

22 വര്‍ഷം മുമ്പത്തെ കേസില്‍ 2018 സെപ്റ്റംബര്‍ അഞ്ചിനാണ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്. വാതില്‍ക്കല്‍ പൊലീസുകാരുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവരെ വിളിച്ച് അകത്തിരുത്തി ചായവേണോയെന്ന് ചോദിക്കെന്നാണ് അദ്ദേഹം ഹെല്‍പ്പറോട് പറഞ്ഞതെന്നും ഭാര്യ ശ്വേത ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇതുവരെ നല്‍കിയ പിന്തുണക്ക് നന്ദിയുണ്ടെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ്

സഞ്ജീവിനോടുള്ള നിങ്ങളുടെ അചഞ്ചലവും നിരുപാധികവുമായ പിന്തുണക്ക് നന്ദി. സഞ്ജീവിന്റെ സത്യസന്ധതക്കും ആര്‍ജവത്തിനും നിങ്ങള്‍ നല്‍കുന്ന പിന്തുണ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു.
വിയോജിപ്പിന്റെ ശബ്ദത്തെ എങ്ങിനെയാണ് ഗവണ്‍മെന്റ് മൂടിക്കെട്ടുന്നത് എന്നതിന് കഴിഞ്ഞദിവസങ്ങള്‍ സാക്ഷി. പോലീസിനെയും ജുഡീഷ്യറിയെയും വ്യക്തിപരമായ കുടിപ്പക തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ്. പ്രൊഫഷണല്‍ സത്യസന്ധതക്കാണോ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കാണോ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ചോദ്യം പത്രപ്രവര്‍ത്തകരുടെ മുന്നിലുമുണ്ട്. സത്യവും നീതിയും പുലരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ശക്തിയേറിയ പോരാട്ടത്തിന്റെ സമയമാണിത്. മുമ്പുള്ളതിനേക്കാളേറെ ഊക്കോടെ നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമുണ്ട്. അതിന് മാത്രമേ സഞ്ജീവിനെ ജയിലില്‍നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിക്കാനാകൂ.
ഇപ്പോള്‍ സഞ്ജീവ് ഇവിടെയുണ്ടെങ്കില്‍ ഗാന്ധിജിയുടെ വാചകം അദ്ദേഹം എടുത്തുദ്ധരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ വാചകം ഇതിന് മുമ്പ് ഒട്ടേറെ സമയങ്ങളില്‍ അദ്ദേഹത്തിന് ശക്തിപകര്‍ന്നിട്ടുണ്ട്.

നിരാശനാകുമ്പോള്‍ ഞാന്‍ ചരിത്രത്തിന്റെ വഴികളിലേക്ക് നോക്കും. അക്രമികളും കൊലപാതകികളും ആ വഴി നടന്നിട്ടുണ്ട്. കടന്നുപോകുമ്പോള്‍ തങ്ങള്‍ അജയ്യരാണെന്ന് അവര്‍ക്ക് തോന്നും. തങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ലെന്നും. എന്നാല്‍ ചരിത്രത്തിന്റെ വഴികളില്‍ സത്യവും സ്‌നേഹവും മാത്രമമേ ജയിച്ചിട്ടുള്ളൂ. മുഴുവന്‍ അധര്‍മ്മങ്ങളും അവസാനിക്കുന്നത് പരാജയത്തിലാണ്.

എല്ലാവരോടും നന്ദി
ധീരനായ സഞ്ജീവിനൊപ്പം എപ്പോഴും നിന്നതിന്,
അടിപതറാത്ത പിന്തുണ വീണ്ടും വീണ്ടും സമ്മാനിക്കുന്നതിന്,
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…

((((ഗുജറാത്ത് പോലീസ് ജയിലില്‍ അടച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം…
സഞ്ജീവ് ഭട്ടിന്റെ ഫെയ്‌സ്ബുക്കിലാണ് ഈ കുറി്പ്പ് ശ്വേത പോസ്റ്റ് ചെയ്തത്…))))

chandrika: