വാഷിങ്ടണ്‍: അഭയാര്‍ഥി വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എസിലെത്തിയപ്പോഴായിരുന്നു ട്രൂഡോയുടെ പ്രതികരണം. മികച്ച ബന്ധമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ളതെങ്കിലും ചില കാര്യങ്ങളില്‍ ഭിന്ന കാഴ്ചപ്പാടുണ്ട്. സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ എല്ലാവരെയും സ്വീകരിക്കുന്ന സമീപനമാണ് കാനഡയുടേത്. ലോകത്തിന് നല്ല മാതൃകയായി തന്റെ രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ട്രൂഡൊ കൂട്ടിച്ചേര്‍ത്തു.

അതേസമയം തുറന്ന വാതില്‍ നയം തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിലും മോശം ആളുകളെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകും. അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കും. ഭീകരവാദം ശക്തി പ്രാപിക്കുന്ന ഈ സമയത്ത് അതിനെതിരെ ഒരുമിച്ചു പോരാടാന്‍ കാനഡയുമായുള്ള ബന്ധം കൂടുതല്‍ സഹായമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ് ഭീകരതയ്‌ക്കെതിരെയുള്ള കാനഡയുടെ നീക്കങ്ങള്‍ പ്രശംസാവഹമാണെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം സംഘടിപ്പിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ 40000 അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ട്രൂഡോയുടെ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.