മടങ്ങിവരവിനുശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങി തമിഴ് നടി ജ്യോതിക. വിവാഹശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിന്ന ജ്യോതിക ’36വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിലും പ്രിയപ്പെട്ട നടി മഞ്ജുവിന്റെ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിന്റെ തമിഴ് പതിപ്പായിരുന്നു 36വയതിനിലെ. ചിത്രം ജ്യോതികയുടെ അഭിനയ മികവില്‍ മികച്ച ശ്രദ്ധ നേടിയിരുന്നു.

2015-ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിനു ശേഷം തുടര്‍ന്നും സിനിമയില്‍ സജീവമാവുകയാണ് ഇപ്പോള്‍ ജ്യോതിക. പ്രശസ്ത സംവിധായകന്‍ ബ്രഹ്മക്കൊപ്പമാണ് ജ്യോതിക വീണ്ടും സിനിമയില്‍ സജീവമാകുന്നത്. ശേഷം സംവിധായകന്‍ ബാലക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാന്‍ കടവുള്‍, പിതാമഹന്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംഭാവന നല്‍കിയ ആളാണ് ബാല.

ജ്യോതികയുടെ ഇനി പുറത്തിറങ്ങാനുള്ള ബ്രഹ്മയുടെ ‘മഗളിര്‍ മട്ടും’ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളുടെ കഥയാണ് പറയുന്നത്. ഭാനുപ്രിയയും, ഉര്‍വ്വശിയും, ശരണ്യ പൊന്‍വണ്ണനും ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ജിബ്രാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.