X

‘വടകരയില്‍ പോരാട്ടം ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മില്‍, എതിരാളി ആരായാലും കുഴപ്പമില്ലെന്നും’ മുരളീധരന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ. മുരളീധരന്‍. വടകരയില്‍ ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിര്‍സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കുന്നില്ല. ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ് നടക്കുക. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുളള പോരാട്ടമാണ് വടകരയില്‍ നടക്കുകയെന്നും കെ മുരളീധരന്‍ പറഞ്ഞു. സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. വടകര പരിചിതമായ മണ്ഡലമാണെന്നും നാളഎ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് വിളിച്ച് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് യുഡിഎഫിന്റെ സാധ്യതകളെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ഥിയാവുകയാനെങ്കില്‍ അനായാസ ജയമായികും ഫലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ഥിത്വം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

വടകരയില്‍ മികച്ച സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരുന്നു. ഈ കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ ആശയവിനിമയം നടത്തിയതോടെ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് കെ. മുരളീധരന്‍ അറിയിച്ചതായാണ് വിവരം. വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ഥിയാകുന്നതോടെ സിപിഎമ്മിന്റെ അക്രമമുഖമായ പി.ജയരാജന്റെ നില വീണ്ടും പരുങ്ങലിലാവും.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു മേല്‍ വടകരയില്‍ മത്സരിക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ ഉത്തരവാധിത്വം ഉള്ളതിനാല്‍ മത്സരിക്കാന്‍ താനില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമ്മര്‍ദ്ദം വന്നപ്പോള്‍ തന്നെ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

chandrika: