അശ്‌റഫ് തൂണേരി

ദോഹ: കുട്ടികളെ ഉപയോഗിച്ച് വിവിധ രൂപത്തിലുള്ള അശ്ലീല വെബ്‌സൈറ്റുകള്‍ പുറത്തുവരുന്നത് ഇന്ത്യയിലുള്‍പ്പെടെ വ്യാപകമായിട്ടുണ്ടെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭയുടെ നയപരിപാടിയുടെ ഭാഗമായി പുതിയ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്നും നോബേല്‍ സമ്മാനജേതാവ് കൈലേഷ് സത്യാര്‍ത്ഥി. ദോഹയില്‍ നടക്കുന്ന ആറാമത് അജ്‌യാല്‍ ചലച്ചിത്രമേളയില്‍ അതിഥിയായി പങ്കെടുക്കുന്ന അദ്ദേഹം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകാടിസ്ഥാനത്തില്‍ എട്ടു മുതല്‍ പത്തുവരെ ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമാണ് കുട്ടികളെ നിരന്തരമായി ചൂഷണം ചെയ്ത് ഓണ്‍ലൈന്‍ മേഖലയിലുള്ളവര്‍ നേടുന്നത്. ആഗോളാടിസ്ഥാനത്തില്‍ പ്രത്യേക ഡാറ്റാ സംവിധാനമുപയോഗിച്ചാണ് കുട്ടികളുടെ ലൈംഗിക ചിത്രങ്ങളടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സജ്ജീകരണം. സാങ്കേതിക സംവിധാനം ഏറെ ദുരൂഹത നിറഞ്ഞതും കണ്ടുപിടിക്കാന്‍ ദുഷ്‌കരവുമായ രീതിയിലാണ്്. ഈ കെണിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയെന്നതാണ് ഇപ്പോഴത്തെ തന്റെ പ്രധാന പ്രവര്‍ത്തനമെന്നും സത്യാര്‍ത്ഥി വിശദീകരിച്ചു.

നാലു ദിനങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കലുമായി കൂടിയാലോചന നടത്തുകയുണ്ടായി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ടിരുന്നു. ഇന്ത്യയിലും യു എ ഇയിലും വിവിധ നേതാക്കളേയും മതനേതാക്കളേയും കണ്ട് സംസാരിക്കുകയുണ്ടായി. എല്ലാവരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരില്‍ കത്വ പെണ്‍കുട്ടിക്ക് നേരെ നടന്ന ക്രൂരമായ കൂട്ടലൈംഗികാതിക്രമണം ഞെട്ടിക്കുന്നതാണ്. മനുഷ്യര്‍ക്കിങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന് നാം അന്തിച്ചുനിന്നുപോവുകയാണ്. അന്വേഷണം ശരിയായ ഗതിയില്‍ നടക്കുമെന്ന് വിശ്വസിക്കാം. ഇന്ത്യയില്‍ സംഘടിത ലൈംഗികാതിക്രമണം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. രാഷ്ട്രീയമായോ മതപരമായോ അതിനെ സമീപിക്കുന്നതും ന്യായീകരിക്കുന്നതുമായ മാനസികാവസ്ഥ ഭീകരമാണ്. ഇത്തരം കിരാത നീക്കങ്ങള്‍ക്കെതിരെ ജനജാഗ്രതയുണ്ടാക്കുകയാണ് വേണ്ടത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും പിന്നീട് ഡല്‍ഹിയിലേക്കും കുട്ടികള്‍ക്ക് നേരെയുള്ള കൂട്ടമായും ഒറ്റക്കുമുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വ്യാപിക്കുന്നത് ദു:ഖകരമാണ്. അങ്ങിനെ സംഭവിച്ചാല്‍ അവരെക്കൊണ്ട് തന്നെ പറയിപ്പിക്കുകയെന്നത് മുഖ്യമാണ്. പലരും പുറത്തുപറയാന്‍ ഭീതിയുള്ളവരാണ്. ഭീതി ഇല്ലാതാക്കാനും കുട്ടികള്‍ക്ക് ആത്മധൈര്യം പകരാനും നാം ബോധവത്കരണം നടത്തിയേ തീരൂവെന്നും സത്യാര്‍ത്ഥി വ്യക്തമാക്കി.

ജോര്‍ദ്ദാനില്‍ ഈയ്യിടെ നോബല്‍ സമ്മാന ജേതാക്കളെല്ലാം ഒരുമിച്ചുകൂടി കുട്ടികളെ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തും ലൈംഗിതാക്രമണവും ചര്‍ച്ച ചെയ്യുകയുണ്ടായി. 150 ബില്യണ്‍ ഡോളറിന്റെ നിയമവിരുദ്ധ വരുമാനം ലഭിക്കുന്ന മേഖലയാണ് മനുഷ്യക്കടത്ത്. കുട്ടികളാണ് ഇതിന്റെ പ്രധാന ഇരകള്‍. പിന്നെ പെണ്‍കുട്ടികളും സ്ത്രീകളും. കുടിയേറ്റം, അഭയാര്‍ത്ഥി പ്രതിസന്ധി, കാലാവസ്ഥാ ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്നവരും സ്ഥലം വിട്ട് പോവേണ്ടി വരുന്നവരുമെല്ലാം ഇത്തരം കെണിയിലകപ്പെടുന്നുണ്ട്. 50 മില്യണ്‍ കുട്ടികളാണ് ഇത്തരത്തില്‍ നിരാലംബരോ നിരാശ്രയരോ ആവുന്നത്. അവരില്‍ 30 മില്യണ്‍ കുട്ടികള്‍ അഭയാര്‍ത്ഥികളാണ്. മറ്റുള്ളവര്‍ സാമൂഹിക പ്രശ്‌നങ്ങളും കാലാവസ്ഥാ ദുരന്തവും കാരണവും വീടുവിട്ടിറങ്ങേണ്ടി വന്നവരോ ഒറ്റപ്പെട്ടവരോ ആയ കുട്ടികളാണ്.

യുദ്ധവും പ്രതിസന്ധിയുമുള്ളതിനാല്‍ തന്നെ മധ്യപൂര്‍വ്വേഷ്യ ഇത്തരത്തിലുള്ള പ്രധാനമേഖല തന്നെയാണ്. പ്രത്യേകിച്ച് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സൗത്ത് സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അഭയാര്‍ത്ഥികളായ കുട്ടികളെ രക്ഷിക്കാനാവശ്യമായത് ചെയ്യാന്‍ അധികൃതരുടെ ശ്രദ്ധക്ഷണിച്ചിരുന്നു. കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, മാനസിക ആരോഗ്യ പിന്തുണ തുടങ്ങിയവ ഉറപ്പുവരുത്താന്‍ വിവിധ ഏജന്‍സികളും സര്‍ക്കാരുകളും സഹകരിക്കണമെന്നായിരുന്നു തന്റെ ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു. നവംബര്‍ 27ന് യൂടൂബില്‍ റിലീസ് ചെയ്ത ‘ദ ്രൈപസ് ഓഫ് ഫ്രീ’ എന്ന തന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി 3 ദിവസം 22 ലക്ഷത്തിലധിം പേരാണ് ഇതിനകം കണ്ടതെന്നത് ഏറെ ഹ്ലാദകരമാണെന്നും എണ്‍പതിനായിരത്തിലധികം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്നദ്ധസേവനത്തിനുടമയായ കൈലേഷ് എടുത്തുപറഞ്ഞു.