കൊച്ചി: കെഎസ്ഇബി ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് മോഷ്ടിച്ച കമ്പി കടത്തിയ സംഭവത്തില്‍ കളമശേരിയിലെ എല്‍ഡിഎഫിന്റെ പ്രചാരണ വാഹനമുള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി എടയാര്‍ സെക്ഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് അലുമിനിയം കമ്പി മോഷ്ടിച്ച് ഓട്ടോയില്‍ കടത്തുന്നതിനിടെ ഏലൂര്‍ ചിറാക്കുഴി സെല്‍വന്‍ (32), ഇയാളുടെ സഹോദരന്‍ ജയറാം (36) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ കെട്ടി ഞായറാഴ്ച വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ഓട്ടോയിലാണ് മോഷ്ടിച്ച കമ്പികള്‍ കടത്തിയത്. തിങ്കള്‍ പുലര്‍ച്ചെ 3.15നാണ് സംഭവം.

എടയാര്‍ക്കര ഇടുക്കി ജങ്ഷന് സമീപമുള്ള കെഎസ്ഇബി കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി 45 മീറ്റര്‍ വീതം നീളമുള്ള രണ്ടു റോള്‍ റാബിറ്റ് കണ്ടക്ടര്‍ ഇനത്തില്‍പെട്ട പുതിയ അലുമിനിയം കമ്പിയാണ് മോഷ്ടിച്ചത്. അസി.എഞ്ചിനീയറുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കെഎല്‍ 36, 8770 എന്ന നമ്പറിലുള്ള ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ കസ്റ്റഡിയിലെടുക്കുമ്പോഴും കൊടി ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ കളമശേരി മണ്ഡലം സ്ഥാനാര്‍ഥിയുടെ പ്രചാരണ സാമഗ്രികളെല്ലാം വാഹനത്തിലുണ്ടായിരുന്നു. ഐപിസി 1860/379, 1860/34 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏപ്രില്‍ 15 വരെ റിമാന്‍ഡ് ചെയ്തു.