X

എന്തിനാണ് ഈ ലൂസേഴ്‌സ് ഫൈനല്‍

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ലൂസേഴ്‌സ് ഫൈനല്‍ എന്ന ആശയം ആരുടേതായാലും ശുദ്ധ ബോറാണ്. തീര്‍ത്തും അപ്രസക്തമായ മല്‍സരം. ഒരു മാസം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ വരെയെത്തി അവിടെ പരാജിതരായ ടീമുകളുടെ മാനസികാവസ്ഥ മാത്രം നോക്കിയാല്‍ മതി. അവര്‍ക്കറിയാം ഈ മല്‍സരം കടലസില്‍ മാത്രമാണെന്ന്. ലോകം കാതോര്‍ക്കുന്നത് കപ്പ് സ്വന്തമാക്കുന്നവരെയാണ്.

സെമിക്കും ഫൈനലിനും ഇടയിലുള്ള ടൈം ഫില്ലര്‍ മാത്രമാണ് ലുസേഴ്‌സ് ഫൈനല്‍. ലൂസേഴ്‌സ് എന്ന പദത്തില്‍ തന്നെയില്ലേ പരാജിതരാണെന്ന യാഥാര്‍ത്ഥ്യം. പിന്നെ എന്തിന് അവര്‍ തമ്മിലൊരു ഫൈനല്‍.

ബെല്‍ജിയം ഈ ലോകകപ്പിലെ മികച്ച ടീമായിരുന്നു ബ്രസീലിനെ മറികടന്ന് വന്നവര്‍. അവരാണ് സെമിയില്‍ ഫ്രാന്‍സിന് മുന്നല്‍ ഒരു ഗോളിന് കീഴടങ്ങിയത്. ആ വേദന അകലും മുമ്പാണ് അവര്‍ മൈതാനത്തിറങ്ങുന്നത്. ഇംഗ്ലണ്ടോ- ക്രൊയേഷ്യക്കെതിരെ ഒരു ഗോളിന് ലീഡ് ചെയ്ത ശേഷം രണ്ട് ഗോള്‍ വഴങ്ങി തോറ്റതിന്റെ വലിയ നിരാശയില്‍. നാട്ടിലെങ്ങും നിരാശയും വേദനയും പകരുമ്പോള്‍ ഇന്നത്തെ മൂന്നാം സ്ഥാന പോരാട്ടത്തില്‍ അവര്‍ക്കും താല്‍പ്പര്യമില്ല. ഒറ്റ കാര്യമുണ്ട്്-ഫിഫയുടെ രാജ്യാന്തര മല്‍സരപ്പട്ടികയില്‍ വരുന്നുണ്ട് ഈ അങ്കം. അതിനാല്‍ ഗോള്‍ നേട്ടക്കാരും കളിക്കാരുമെല്ലാം റെക്കോര്‍ഡ് പട്ടികയിലുണ്ടാവും. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌ക്കോറര്‍ പദവി ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന ഇംഗ്ലണ്ട് നായകന്‍ ഹാരി കെയിനും നാല് ഗോള്‍ നേട്ടത്തിലുള്ള റുമേലു ലുക്കാക്കുവിനുമെല്ലാം വ്യക്തിഗത നേട്ടങ്ങള്‍ക്ക് അവസരമുണ്ട്. പക്ഷേ അത്തരത്തിലൊരു മാനസികാവസ്ഥയില്ലല്ല രണ്ട് പേരുമെന്ന് വ്യക്തം. തുല്യ ദു:ഖിതരാണ് ഇരുവരും. സെമിയില്‍ ഹാരിക്കും ലുക്കാക്കുവിനും സ്വന്തം ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായില്ല.

സാധാരണ ഗതിയില്‍ രണ്ട് യുവനിരകള്‍ തമ്മില്‍ കളിക്കുമ്പോള്‍ തീപ്പാറേണ്ടതാണ്. ഇവര്‍ രണ്ട് പേരും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയവരുമാണ്. അന്ന് വിജയം ബെല്‍ജിയത്തിനൊപ്പം നിന്നു. ആ തോല്‍വിക്കൊരു മധുരപ്രതികാരമെല്ലാം ഇംഗ്ലണ്ടിനുണ്ടാവുമായിരുന്നു-പക്ഷേ ഈ അവസ്ഥയില്‍ 90 മിനുട്ട് കളിച്ച് മടങ്ങുക എന്നത് മാത്രമായിരിക്കും താരങ്ങളുടെ ലക്ഷ്യം. മല്‍സര ഷെഡ്യൂള്‍ നിര്‍ണ്ണയിക്കുമ്പോള്‍ കലാശപ്പോരാട്ടം ഞായറാഴ്ച്ചയിലേക്ക്് വരണം. അതിനുള്ള പരിശ്രമങ്ങളുടെ ഫലമായാണ് ടൈം ഫില്ലര്‍ രൂപത്തില്‍ ലൂസേഴ്‌സ് ഫൈനല്‍ വരുന്നത്. ലോകകപ്പ്് ആര് നേടി, ആരായിരുന്നു റണ്ണേഴ്‌സ് അപ്പ്- ഇതും രണ്ടും എല്ലാവര്‍ക്കുമറിയാം. ആരായിരുന്നു കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ എന്ന് ചോദിച്ചാല്‍ എത്ര പേര്‍ക്കറിയാം…?

ഫിഫ ഈ കാര്യത്തില്‍ ഒരു വീണ്ടുവിചാരത്തിന് മുതിരുന്നത് നന്നായിരിക്കും. സാങ്കേതികതക്ക്് വേണ്ടി മാത്രം ഒരു മല്‍സരം അനാവശ്യാണ്. താരങ്ങളോടും പരിശീലകരോടും ചെയ്യുന്ന പാതകം.
കാല്‍പ്പന്ത് ലോകം ചര്‍ച്ച ചെയ്യുന്നത് ഫ്രാന്‍സോ ക്രൊയേഷ്യയോ എന്നാണ്… ഒരു ചര്‍ച്ചയില്‍ പോലും മൂന്നാം സ്ഥാനം ആര് നേടുമെന്ന ചോദ്യം വന്നിട്ടില്ല. ആ സ്ഥാനത്തിന് അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ മൂന്നാം സ്ഥാന പീഡനമെന്നത് അവസാനിപ്പിക്കമം. ഒളിംപിക്‌സില്‍ മൂന്നാം സ്ഥാനം നേടിയാല്‍ ഒരു വെങ്കല മെഡല്‍ ലഭിക്കും. ലോകകപ്പിലെ മൂന്നാം സ്ഥാനം കൊണ്ട് എന്ത് കാര്യം….?

chandrika: