ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും നടി കങ്കണ റണൗട്ട്. രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എന്നും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയായ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ അഭിപ്രായ പ്രകടനം.

ജനസംഖ്യാ നിയന്ത്രണത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്നും കങ്കണ പറഞ്ഞു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഇന്ദിരാ ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ’ -കങ്കണയുടെ ട്വീറ്റ്.