കൊച്ചി: സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുള്ള മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുകയാണെന്ന് കോളജ് മാനേജ്‌മെന്റ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോളജ് മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്. വിവിധ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സി.ഐ.ടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 13 മുതലാണ് സമരം തുടങ്ങിയത്.

സമരം മൂലം കോളജ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും മലപ്പുറത്തേക്ക് കോളജ് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അങ്ങോട്ട് പൂര്‍ണമായും മാറുന്നതിന് ഒരു വര്‍ഷം വേണ്ടിവരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതുവരെ കേന്ദ്രസേനയെ വിന്യസിക്കാന്‍ മാനേജ്‌മെന്റ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. സമരം കാരണം ആസ്പത്രിയിലെത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശിക്കാനാവുന്നില്ല, പൊലീസ് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇവര്‍ സമരക്കാരെ സഹായിക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.