തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംഘര്‍ഷത്തിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കപ്പെടുന്ന സാഹചര്യം ഉടന്‍ അവസാനിപ്പിക്കും. ബോംബ് നിര്‍മ്മാണവും ആയുധ നിര്‍മ്മാണവും കണ്ടെത്താനും കൂടുതല്‍ തീവ്രമായ നടപടികള്‍ സ്വീകരിക്കും. ആരാധനാലയങ്ങള്‍ ചില പ്രത്യേക സംഘടനകളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്ന പ്രവണതകളും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂട്ടം ചേര്‍ന്ന് പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ആളുകളെ മോചിപ്പിക്കുന്ന രീതി വ്യാപകമാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും സംഘര്‍ഷമുണ്ടാകുന്ന കേന്ദ്രങ്ങളില്‍ പ്രാദേശികമായി ചര്‍ച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.