ന്യൂഡല്‍ഹി: അമേരിക്കയിലെ കാന്‍സാസ് വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു സംഹാദി പ്രസിഡന്റ് തപന്‍ഘോഷിന്റെ പ്രസംഗം വൈറല്‍. അമേരിക്കയില്‍ കഴിയുന്ന ഹൈന്ദവ പുരുഷന്മാര്‍ നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തണമെന്നാണ് തപന്‍ഘോഷിന്റെ ആഹ്വാനം. സുരക്ഷക്കായി ഹൈന്ദവ സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തണമെന്നുമാണ് തപന്‍ പറയുന്നത്. ഹൈന്ദവ വിഭാഗത്തില്‍പ്പെട്ടവര്‍ സ്വന്തം സുരക്ഷക്കായി ഇത്തരം തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഘോഷ് പറഞ്ഞു. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഘോഷിന്റെ പ്രസ്താവന. മുസ്‌ലിംകള്‍ക്കും ഘോഷ് ഉപദേശം നല്‍കുന്നുണ്ട്. അമേരിക്കയില്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങളുടെ മതചിഹ്നങ്ങള്‍ ഏതെങ്കിലും ഉപയോഗിക്കാനാണ് ഘോഷിന്റെ നിര്‍ദേശം. എന്നാല്‍ ഘോഷിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.