താമരശ്ശേരി: കോഴിക്കോട് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. ഇന്നു പുലര്‍ച്ചെ 3.15ന് താമരശ്ശേരി ചുങ്കം ജംഗ്ഷനിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വയനാട്ടില്‍ നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ കാറില്‍ നിന്ന് പുറപ്പെടുത്തെങ്കിലും അബ്ദുല്‍ ഗഫൂര്‍ മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.