X

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്‍ മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക സേവനത്തിന് ശേഷം അസമിലെ കാമരൂപ് ജില്ലയിലെ കോലോഹിക ഗ്രാമത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന മുഹമ്മദ് സനാഉല്ലയെ അന്നാണ് ബോകോ വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് (ബംഗ്ലാദേശി) മുദ്രകുത്തി പിടികൂടിയത്.

കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്‍ നടപ്പാക്കി തുടങ്ങിയതോടെയാണ് അസമിലെ പൗരത്വ പട്ടികയില്‍ നിന്നും മുന്‍ സൈനികന്‍ പുറത്താവുന്നത്.
കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുക്കുകയും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലടക്കം നേടുകയും ചെയ്ത സനാഉല്ലക്ക് രണ്ടാം മോദി അധികാരത്തിലേറിയ ദിവസം ജീവിതത്തിലെ ഇരുണ്ട ഏടായി മാറുകയായിരുന്നു. താന്‍ ഈ രാജ്യത്തെ പൗരനല്ലെന്ന പുതിയ വാദം അവിശ്വസനീയമായാണ് തോന്നിയത്. വിദേശിയെന്ന് മുദ്രകുത്തി പിടികൂടിയ സനാഉല്ലയെ വിദേശികളെ പാര്‍പ്പിക്കുന്ന താല്‍ക്കാലിക തടങ്കല്‍ പാളത്തിലേക്ക് മാറ്റി. താന്‍ ജയിലിലായ ദുഃഖത്തിനിടയിലും ചെറിയ എന്തെങ്കിലും അപാകതകളാവാം തനിക്കെതിരെ ഇത്തരത്തിലൊരു വിധി പ്രസ്താവം നടത്താന്‍ കാരണമെന്ന പ്രതീക്ഷയിലാണ് സനാഉല്ല.

1967ല്‍ ജനിച്ച താന്‍ 11-ാം വയസില്‍ 1987ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ചത്. പക്ഷേ ബോകോ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അത് 1978 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സനാഉല്ല പറയുന്നു. വിദേശിയെന്ന് മുദ്രകുത്തി വീട്ടില്‍ നിന്നും കൊണ്ടു പോയ ശേഷം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അതിര്‍ത്തി പൊലീസിലും സനാഉല്ല സേവനമനുഷ്ടിച്ചിട്ടുണ്ട്. സനാഉല്ല കാമരൂപ് ജില്ലയിലെ ബൈഹത ചാരിയാലി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയായിരുന്നു. സൈന്യത്തിലായിരുന്ന സമയത്ത് മൂന്ന് തവണ ഭീകര വിരുദ്ധ ഓപറേഷനിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ദോഡ ജില്ലയിലും 2015-17 വരെ കുപ് വാരയില്‍ നിയന്ത്രണ രേഖക്കു സമീപവും 2007-10ല്‍ മണിപ്പൂരിലും ഭീകര വിരുദ്ധ നീക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്രയും കാലം രാജ്യത്തിന് വേണ്ടി സൈന്യത്തില്‍ സേവനം അനുഷ്ടിച്ചിട്ട് തനിക്ക് കിട്ടിയത് ഇതാണെന്ന് നിസ്സഹായതയോടെ സനാഉല്ല പറയുന്നു. അസമിലെ പൗരത്വ പട്ടികയില്‍ ആദ്യം തന്റെ പേരും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അധികൃതര്‍ക്ക് എഴുതിയപ്പോള്‍ ബ്രിഗേഡിയര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരേ പ്രക്രിയയാണെന്നാണ് മറുപടി നല്‍കിയത്.

അതേസമയം നിലവിലെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ചതിനാലാണ് തങ്ങള്‍ കസ്റ്റഡിയിലെടുത്തതെന്നും കാമരൂപ് പൊലീസ് സൂപ്രണ്ട് പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവരം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വ്യക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

പിതാവിന്റെ അവസ്ഥയില്‍ ഏറെ പേടിയുണ്ടെന്നും എന്നാല്‍ സൈന്യം അദ്ദേഹത്തിന്റെ രക്ഷക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനാഉല്ലയുടെ മകള്‍ ഷഹനാസ് അഖ്തര്‍ പറഞ്ഞു. വിഷയത്തില്‍ അസം പൊലീസുമായി സംസാരിക്കുമെന്നായിരുന്നു ഇതേ കുറിച്ച് സൈന്യത്തിന്റെ പ്രതികരണം. വളരെ ദുഖകരമായ സാഹചര്യമെന്നായിരുന്നു റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ രഞ്ജിത് ഭര്‍താകറിന്റെ ഇതേ കുറിച്ചുള്ള പ്രതികരണം. സനാഉല്ല ബംഗ്ലാദേശിയാണെങ്കില്‍ എങ്ങിനെ അയാള്‍ 30 വര്‍ഷം സൈന്യത്തിലും ശേഷം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ടിച്ചു.

സനാഉല്ലയുടെ ഭാര്യയും മൂന്ന് മക്കളും അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികക്ക് പുറത്താണ്. അതേ സമയം സനാഉല്ലയുടെ മൂത്ത സഹോദരനും കുടുംബവും ഇന്ത്യക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ആര്‍.സി തെളിവുകളായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐ.ഡി എന്നിവ സനാഉല്ല ഹാജരാക്കിയിരുന്നു. എന്നാല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരനെന്ന് തെളിയിക്കുന്നതില്‍ സനാഉല്ല പരാജയപ്പെട്ടുവെന്നാണ് ട്രൈബ്യൂണല്‍ പറയുന്നത്. വിരമിച്ച സൈനികരോട് ആദരവ് കാണിക്കുന്നതിന് പകരം അപമാനിക്കുകയും പീഡിപ്പിക്കുകയുമാണെന്നും ഇത് ഗൂഡാലോചനയാണെന്നും വിരമിച്ച മറ്റൊരു സൈനികനായ ജെ.സി.ഒ അസ്മല്‍ ഹഖ് പറഞ്ഞു. അസ്മല്‍ ഹഖിന്റേയും പൗരത്വം തടഞ്ഞു വെച്ചിരിക്കുകയാണ്. സനാഉല്ല സൈന്യത്തില്‍ പ്രവേശിച്ച തീയതി വരെ മാറ്റി എഴുതിയത് ഗുഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: