കൊണ്ടോട്ടി: കരിപ്പൂരില്‍ സംഭവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ആഗോള ഇന്‍ഷൂറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ചേര്‍ന്നാണ് ഈ തുക നല്‍കുക. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷൂറന്‍സ് ക്ലെയിം തുകയാണിത്.

89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 51 ദശലക്ഷം ഡോളറാണ് വിമാനത്തിന് സംഭവിച്ച നഷ്ടം നികത്താന്‍ നല്‍കുക. 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി വെളിപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക. ആഗസ്റ്റ് ഏഴിനാണ് റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം കരിപ്പൂരില്‍ ദുരന്തത്തില്‍ പെട്ടത്. അപകടത്തില്‍ പൈലറ്റും, കോ പൈലറ്റും അടക്കം 18 പേര്‍ സംഭവ ദിവസം തന്നെ മരണപ്പെട്ടു. പിന്നീട് ചികിത്സക്കിടെ മൂന്നുപേരും മരണപ്പെട്ടു. യാത്രക്കാര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ മൂന്നരക്കോടി രൂപയാണ് ചെലവായത്. അപകടത്തില്‍ പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ സംഭവസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.