ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പുതിയ അടവുമായി ബി.ജെ.പി. ഇപ്രാവിശ്യം തരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കുന്ന വ്യാജസര്‍വേ ഫലത്തിന്റെ വാര്‍ത്ത ഒരു വെബ്‌സൈറ്റിലില്‍ നല്‍കിയാണ് ബി.ജെ.പിയുടെ നീക്കം. ബംഗ്ലൂര്‍ ഹെറാള്‍ഡ്.കോം എന്ന പേരിലുള്ള വെബ്സൈറ്റാണ് ‘സി-ഫോഴ്സ്’ നടത്തിയതെന്ന് പറഞ്ഞ് വ്യാജസര്‍വേ ഫലം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ബൂംലൈവ്.ഇന്‍ എന്ന വെബ്സൈറ്റാണ് ബംഗ്ലൂര്‍ ഹെറാള്‍ഡ്.കോം എന്ന വെബ്സൈറ്റിനെയും സര്‍വേഫലത്തേയും തെളിവുസഹിതം പൊളിച്ചടക്കിയത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അനുകൂല റിപ്പോര്‍ട്ടുകള്‍ ഷെയര്‍ ചെയ്യുന്ന കര്‍ണാടക ഇലക്ഷന്‍ അപ്ഡേറ്റ്സ് എന്ന ഫേസ്ബുക്ക് പേജ് ബാംഗ്ലൂര്‍.ഹെറാള്‍ഡിന്റെ വ്യാജസര്‍വേ ഫലം ഷെയര്‍ ചെയ്തിട്ടുണ്ട്. വ്യാജവാര്‍ത്തയില്‍ അവകാശപ്പെടുന്നതുപോലെ സി. ഫോഴ്സ് എന്ന ഒരു പോളിങ് ഏജന്‍സി നിലവിലില്ലെന്നും ബൂംലൈവ്.ഇന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് ദ്യൂരപ്പയുടെ കീഴില്‍ ബി.ജെ.പി 95 മുതല്‍ നൂറുവരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും 80 മുതല്‍ 85 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നും 40 സീറ്റുകള്‍ നേടി ജെ.ഡി.യു മൂന്നാം സ്ഥാനത്തെത്തുമെന്നുമാണ് വ്യാജ സര്‍വേ ഫലം പ്രവചനം. അതേസമയം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു സീറ്റുകളിലും തോല്‍ക്കുമെന്നും വെബ്സൈറ്റ് ഫലത്തില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 30ന് സി-ഫോര്‍ അവരുടെ സര്‍വേഫലം പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു അവരുടെ സര്‍വേ റിപ്പോര്‍ട്ട്. 118 മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു സി-ഫോര്‍ പ്രവചനം.

വ്യാജവാര്‍ത്ത നല്‍കിയ വെബ്സൈറ്റിനെക്കുറിച്ച് കൂടുതല്‍ പരിശോധിച്ചപ്പോള്‍ യു.എസിലെ വ്യാജഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒരുമാസം മുമ്പാണ് ഈ വെബ്സൈറ്റ് ഉണ്ടാക്കിയത്. ഒരു പേജ് മാത്രമുള്ള സൈറ്റില്‍ ‘എബൗട്ട് അസ്’ സെക്ഷന്‍ ഇല്ല. കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കുന്ന വാര്‍ത്തകളാണ് ഈ വെബ്സൈറ്റിലെ ഭൂരിപക്ഷവും. newsbangalore-herald.com എന്ന് സര്‍ച്ചു ചെയ്താല്‍ bharatpositive.in എന്ന സൈറ്റിലേക്കാണ് എത്തുന്നത്. ഈ സൈറ്റിനെക്കുറിച്ച് whois.comല്‍ സര്‍ച്ചു ചെയ്താല്‍ ഒരു ഇന്ത്യന്‍ സെല്‍ഫോണ്‍ നമ്പര്‍ കാണാം. ട്രൂകോളറില്‍ മുകുള്‍ ജിന്ദാല്‍ എന്നു കാണിച്ച നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഇങ്ങനെയൊരു വെബ്സൈറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ജിന്ദാല്‍ പറഞ്ഞതെന്ന് ബൂംലൈവ്.ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇങ്ങനെയൊരു വെബ്സൈറ്റിന്റെ പേരുപോലും താന്‍ കേട്ടിട്ടില്ലെന്നും എങ്ങനെയാണ് തന്റെ നമ്പര്‍ ഇതില്‍ വന്നതെന്ന് അറിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.