X

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടര്‍ക്കഥ; വരുമോ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം

ബംഗളൂരു: മൂന്നു തവണ പരാജയപ്പെട്ട ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി പിന്‍വാതില്‍ വഴി വീണ്ടും രംഗത്തെത്തുമ്പോള്‍ കര്‍ണാടക ഒരിക്കല്‍കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭരണ പക്ഷത്തുള്ള എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നേരത്തെ നടത്തിയ ശ്രമങ്ങളെല്ലാം കോണ്‍ഗ്രസും ജെ.ഡി.എസ്സും പരാജയപ്പെടുത്തിയത് സ്വന്തം എം.എല്‍.എമാരെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കാതെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയായിരുന്നു.
കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ അവകാശ വാദം തള്ളി യദ്യൂരപ്പക്ക് സത്യപ്രതിജ്ഞക്ക് അവസരം ഒരുക്കിയ ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി മുതല്‍ സംസ്ഥാനം പലതവണ റിസോര്‍ട്ട് രാഷ്ട്രീയത്തിന് സാക്ഷിയായി. എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഭരണപക്ഷത്ത് വിള്ളലുണ്ടാക്കി എം.എല്‍.എമാരെ രാജിവെപ്പിച്ച് സഭയുടെ അംഗബലം ചുരുക്കുകയും അതുവഴി സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതുറക്കുകയും ചെയ്യുക എന്ന തന്ത്രത്തിലേക്ക് ബി.ജെ.പി മാറിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇത് രണ്ടാം തവണയാണ് ബി.ജെ.പി ഇത്തരം നീക്കവുമായി രംഗത്തെത്തുന്നത്. അതേസമയം നിലവില്‍ 11 എം.എല്‍.എമാര്‍ നല്‍കിയ രാജിക്കത്ത് അംഗീകരിച്ചാലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുടെ കുറവുണ്ടാകും. രാഷ്ട്രീയ കുതിരക്കച്ചവടം വഴി ഭരണ പക്ഷ എം.എല്‍.എമാരേയോ സ്വതന്ത്രരേയോ മറുകണ്ടം ചാടിക്കുകയോ, കൂടുതല്‍ എം.എല്‍.എമാരെ രാജിവെപ്പിച്ച് സഭയുടെ അംഗബലം വീണ്ടും കുറയ്ക്കുകയോ മാത്രമാവും ബി.ജെ.പിക്കു മുന്നിലുള്ള പോംവഴി. ഇതിനെ ചെറുക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഒരിക്കല്‍കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിയൊരുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

chandrika: