X

കര്‍ണ്ണാടകയില്‍ ബി.ജെ.പി സ്വതന്ത്രരെ തേടുന്നു

കര്‍ണ്ണാടകാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രം പയറ്റാന്‍ ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി മതേതര വോട്ടുകളുടെ നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കൊപ്പം തന്നെ സ്വതന്ത്രവേഷത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തന്ത്രം ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ചതുപോലെ കര്‍ണ്ണാടകത്തിലും വിജയിച്ച് കയറാമെന്ന കണക്കുകൂട്ടലാണ് ബിജെപി. നേരത്തേ ആന്ധ്രാപ്രദേശിലെ അസ്‌റുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യാ മജ്‌ലിസെ മുസ്ലീമിന്‍ എന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എന്നാല്‍ ബി.ജെ.പിയുടെ തന്ത്രം മനസ്സിലാക്കിയ കര്‍ണ്ണാടകത്തിലെ മുസ്‌ലിം സംഘടനകള്‍ സംസ്ഥാന തലത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാന്‍ ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്യുന്ന മുസ്ലിം നാമകാരികളായ സ്ഥാനാര്‍ത്ഥികളെ ബഹിഷ്‌ക്കരിക്കുകയും, മതേതര സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി സംസ്ഥാന തലത്തില്‍ തന്നെ ക്യാമ്പയിന്‍ നടത്തി വരികയും ചെയ്തുവരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ വാര്‍ഡ് തല ഇലക്ഷന്‍ പ്രചരണസമിതിക്ക് രൂപം നല്‍കി.

ബി.ജെ.പി നിര്‍ത്തുന്ന മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ പണവും, സ്ഥാനമാനങ്ങളും വാഗ്ദാനവും നല്‍കി വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത് നടന്ന രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഉണ്ടായ വിജയവും കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസു തന്നെ തുടര്‍ഭരണത്തിനെത്തു മെന്ന സര്‍വേഫലവും ബി.ജെ.പി ക്യാമ്പുകളില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി യുടെ തന്ത്രങ്ങള്‍ മനസ്സിലാക്കിയ മതേതര കക്ഷികള്‍ പരമാവധി മതേതര സ്വഭാവമുള്ള മുസ്ലീംലീഗ് അടക്കമുള്ള പാര്‍ട്ടികളുമായി ധാരണയില്‍ എത്താനുള്ള ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡുമായി നടന്നുവരുന്നതായി മുസ്ലീംലീഗ് ദേശീയ ഓര്‍ഗ നൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.

കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ ചാര്‍ജ്ജുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലു മായി കര്‍ണ്ണാടകാ സ്‌റ്റേറ്റ് മുസ്‌ലിം ലീഗിന്റെ നേതൃത്വവുമായി ഒന്നാംഘട്ട ചര്‍ച്ച നടത്തിയതായി ദേശീയ വൈസ്പ്രസിഡണ്ട് ധസ്തഖീര്‍ ആഖ അറിയിച്ചു.

chandrika: