X
    Categories: indiaNews

ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 62 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക

ബെഗളൂരു: ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 62 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കെതിരായ കേസുകളും പിന്‍വലിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്‌യുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസുകള്‍ പിന്‍വലിച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്

നിയമ മന്ത്രി ജെസി മധുസ്വാമി, ടൂറിസം മന്ത്രി സിടി രവി എന്നീ മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. കലാപം, നിയമവിരുദ്ധമായ ഒത്തുചേരല്‍ തുടങ്ങിയ കേസുകളാണ് ഈ മന്ത്രിമാര്‍ക്കെതിരെ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആനന്ദ് സിംഗിനെതിരായ കേസുകളും പിന്‍വലിച്ചു. 2017ല്‍ ഒരു താലൂക്ക് ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ആനന്ദ് സിംഗ് ഉള്‍പ്പെട്ടിരുന്നത്. ഭീഷണി, പൊതുപ്രവര്‍ത്തകനെ ആക്രമിക്കല്‍, പൊതു സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ആനന്ദ് സിംഗിനു മേല്‍ ചുമത്തിയിരുന്നത്.

പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മൈസൂര്‍ എംപി പ്രതാപ് സിന്‍ഹക്കെതിരായ കേസും പിന്‍വലിച്ചവയില്‍ പെടുന്നു. 2017 ഡിസംബറിലായിരുന്നു സംഭവം. പൊതുപ്രവര്‍ത്തകനെ ആക്രമിക്കല്‍, അമിത വേഗം എന്നിവയായിരുന്നു ചുമത്തിയിരുന്ന വകുപ്പുകള്‍.

അതേ സമയം, കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ പൊലീസും നിയമ മന്ത്രാലയവുമൊക്കെ എതിര്‍ത്തു എങ്കിലും തീരുമാനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

web desk 3: