ബംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറി.

പിന്തുണ പിന്‍വലിച്ച എംഎല്‍എമാര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇരുവരും പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന് ഭീഷണിയാവില്ല. അതേസമയം നാല് കോണ്‍ഗ്രസ് എംഎല്‍എമാരും മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായ കോണ്‍ഗ്രസ് ആരോപണം ശക്തമായി. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ അട്ടിമറിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേ ഗുഡനീക്കങ്ങള്‍ നടത്താനാണ് ബിജെപി സക്ഷ്യം. എന്നാല്‍ ബിജെപി പരസ്യമായി നടത്തുന്ന കുതിരക്കച്ചവടം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം ബിജെപി കുതിരക്കച്ചവട ഭീഷണിയെ പുച്ചിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. നിലവിലെ സാഹചര്യം ഞാന്‍ ആസ്വദിക്കുകയാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ‘രണ്ട് എംഎല്‍എമാര്‍ അവരുടെ പിന്തുണ പിന്‍വലിച്ചാല്‍, എത്രയാവും സംഖ്യ എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ തികച്ചും വിശ്രമത്തിലാണ്. എന്റെ ശക്തി എനിക്ക് അറിയാം, കുമാരസ്വാമി വ്യക്തമാക്കി.

ഇതിനിടെ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.