X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് ഇ.ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിന്റെ ചോദ്യം ചെയ്യലില്‍ സി.പി.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷനും പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറിയുമടക്കം പ്രതികള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ കടുത്ത നിലപാടിലേക്ക് പോകാന്‍ ഇ.ഡി. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കൂടിയായ അരവിന്ദാക്ഷന് കുരുക്ക് മുറുക്കാന്‍ കൂടുതല്‍ തെളിവ് കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. അരവിന്ദാക്ഷന്റെ ജാമ്യം തടയാന്‍ നിര്‍ണായക നീക്കത്തിലുമാണ് അന്വേഷണ ഏജന്‍സി.

ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള അരവിന്ദാക്ഷന്റെ ഫോണ്‍ സംഭാഷണങ്ങള്‍ വ്യാഴാഴ്ച കോടതിയെ കേള്‍പ്പിക്കും. കമ്മീഷന്‍ ഇടപാട് സംബന്ധിച്ച് പരാമര്‍ശം ഫോണ്‍ സംഭാഷണങ്ങളിലുണ്ടെന്ന് ഇ.ഡി പറയുന്നു. അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി വായ്പകള്‍ വഴി ലഭിച്ച പണമാണെന്നുമായിരുന്നു ഇ.ഡിയുടെ വാദം.

ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. അരവിന്ദാക്ഷന്‍ പലതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. 2013-14ല്‍ അരവിന്ദാക്ഷനും സതീഷും വസ്തു വില്‍പനക്ക് ദുബൈയില്‍ പോയി. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ചോദ്യം ചെയ്യലില്‍ അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷന്‍ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപക്ക് പ്രവാസിയായ അജിത് മേനോന് വിറ്റിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്.

അമ്മക്ക് ലക്ഷങ്ങളുടെ നിക്ഷേപമുണ്ടെന്ന ഇ.ഡി ആരോപണം തെറ്റെന്നാണ് അരവിന്ദാക്ഷന്റെ വാദം. അരവിന്ദാക്ഷനെ സതീഷുമായി ബന്ധപ്പെടുത്തിയുള്ള കണ്ടെത്തലുകള്‍ തെറ്റാണെന്നും അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

കുടുംബാംഗങ്ങളുടെ ശരിയായ അക്കൗണ്ട് വിവരങ്ങള്‍ അരവിന്ദാക്ഷന്‍ തന്നില്ലെന്ന് വ്യക്തമാക്കിയ ഇ.ഡി, അദ്ദേഹത്തിന്റെ ആക്ഷേപങ്ങള്‍ പരിശോധിക്കുകയാണെന്നും പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറിയെ ഇതിന് ചോദ്യം ചെയ്‌തെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ പറഞ്ഞു.

webdesk13: