X
    Categories: MoreViews

വാഹന പരിശോധന; മുഖ്യമന്ത്രിയെ തിരുത്തി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിന് കാസര്‍കോട് പൊലീസിന്റെ മറുപടി

കാസര്‍കോട്: വാഹന പരിശോധന നടത്താനുള്ള അധികാരം ആര്‍ക്കെന്ന ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്‍കിയ മറുപടിയെ തിരുത്തി കാസര്‍കോട് പൊലീസിന്റെ മറുപടി. വിവരാവകാശ നിയമപ്രകാരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ കാസര്‍കോട് സി.ഐ ഓഫീസില്‍ നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയെ തിരുത്തിയിട്ടുള്ളത്.

വാഹനങ്ങളും രേഖകളും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരം ഏതുറാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണെന്ന് തിരക്കി ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് എന്നാണ് മറുപടിയായി ലഭിച്ചത്. എന്നാല്‍ ഇതേചോദ്യത്തിന് 2016 നവംബര്‍ എട്ടിന് പതിനാലാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടി സബ് ഇന്‍സ്‌പെക്ടര്‍ റാങ്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമെന്നായിരുന്നു.

എ.എസ്.ഐമാര്‍, ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഷാഡോ പൊലീസുകാര്‍ എന്നിവര്‍ക്ക് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ അധികാരമില്ലെന്നും എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രത്യേകം വ്യക്തമാക്കുകയും ചെയ്തിരുന്നു. കാസര്‍കോട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴില്‍ നടക്കുന്ന അശാസ്ത്രീയവും അപകടം വരുത്തുന്നതും ജനങ്ങളെ പീഡിപ്പിക്കുന്നതുമായ വാഹന പരിശോധനകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെ പോലും തിരുത്തി കാസര്‍കോട് പൊലീസ് മറുപടി നല്‍കിയത്.

കഴിഞ്ഞ ആഴ്ച അണങ്കൂരില്‍ പൊലീസ് നടുറോഡില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുമ്പോള്‍ പിറകില്‍ നിന്നും വന്ന കാര്‍ ഇടിച്ച് കൊല്ലമ്പാടിയിലെ സുഹൈല്‍ എന്ന എം.ബി.എ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. 2017 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 12 വരെ 437 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും പരിശോധനയുടെ പേരിലുള്ള പിഴയായി 52, 17000 രൂപ ലഭിച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നല്‍കിയിട്ടുണ്ട്.

chandrika: