X

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഏജന്റായി വന്ന എഴുത്തുകാരിയേക്കാൾ തോറ്റുപോയ സി രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ് :ടി വി ഇബ്രാഹിം എം എൽ എ

രാജ്യത്തെ പരമോന്നത സാഹിത്യ സംഘടനയായ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച മലയാളത്തിന്റെ അഭിമാനമായ സി രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റുപോയത് ഭാരതത്തിൻ്റെ സാംസ്കാരി ലോകത്തിന് അപമാനമുണ്ടാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ഇഷ്ടക്കാരെ നിയമിക്കാനും ഇഷ്ടക്കാരെ വാഴിക്കാനും കുറേ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരായി സാഹിത്യത്തിന്റെയും സംസ്കാരത്തിൻ്റെയും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എഴുത്തകാർ ഇന്ത്യൻ സംസ്കാരത്തിന്റെ രക്ഷക്ക് വേണ്ടി പരമാവധി ഒരുമിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനമായ ശ്രദ്ധാകേന്ദ്രം പ്രസിഡണ്ട് ആയിരുന്നില്ല, വൈസ് പ്രസിഡണ്ടായിരുന്നു. അതിന് കാരണം

പുതിയ കാലത്തിന് ഇന്ത്യയുടെ മഹത്തായ ബഹുസ്വര സംസ്കാരത്തെയും എല്ലാ മനുഷ്യരെയും ഒരുപോലെ ഒരുമിച്ച് ഉൾക്കൊള്ളാവുന്ന ജനാധിപത്യ ദർശനത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാരതീയ ദർശനത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ആളായിരുന്ന   രാധാകൃഷ്ണൻ എന്നതാണ്. ഒരേസമയം തത്വചിന്തയിലും ശാസ്ത്രത്തിലും ദർശനത്തിലും വേദ ഉപനിഷത്തുകളിലും അഗാധമായ അദ്ദേഹത്തിന്റെ ഉൾക്കാഴ്ച പലതരത്തിൽ ബോധ്യപ്പെട്ടതാണ്. ഭഗവത്ഗീതയെ ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഗീതാദർശനം പുതിയ കാലത്തെ ഇന്ത്യക്ക് ഒരു വഴികാട്ടിയാണ്. ഭാരതീയ ദർശനത്തെയും വേദ ഉപനിഷത്തുകളെയും പുരാണ ഇതിഹാസങ്ങളെയും വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഭാരതീയരെ ഭിന്നിപ്പിക്കാനുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാർ ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഗീതാദർശനത്തിന്റെ യഥാർത്ഥ പൊരുൾ ഇന്ത്യൻ ജനതക്ക് പകർന്നു കൊടുക്കുന്നത് ഒരു യഥാർത്ഥ സാംസ്കാരിക പ്രവർത്തനം കൂടിയാണ്.

മലയാള ഭാഷാപിതാവ് തുഞ്ചത്ത് ആചാര്യന്റെ ജീവചരിത്രം ഏറ്റവും ദാർശനികമായ ഒരു നോവലായും അതേസമയം തന്നെ വിശ്വസനീയമായ ദർശനമായും മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്കാര നിർമ്മിതിയിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം എല്ലാ മനുഷ്യരും ഒരുമിച്ചുചേർന്ന ബഹുസ്വര ദർശനത്തിന്റെ വഴി അദ്ദേഹം മുന്നോട്ടു വെച്ചു. ഫാഷിസ്റ്റ് വിരുദ്ധമായ ഏകതയുടെയും ഏകാത്മകതയുടെയും അദ്വൈത ചിന്തയുടെയും ആശയമാണ് എഴുത്തച്ഛന്റെ ജീവിതത്തെ മുൻനിർത്തി അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ സാംസ്കാരിക ദാർശനിക വൈവിധ്യങ്ങളുടെ പ്രചാരകരും വ്യാഖ്യാതാക്കളുമായ അപൂർവം ഇന്ത്യൻ എഴുത്തുകാരിൽ ഒരാളാണ് സി രാധാകൃഷ്ണൻ. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ എഴുതാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായി ശക്തമായ ബന്ധങ്ങളും വേരുകളുമുള്ള ഒരാൾ കൂടിയാണ് സി ആർ.

ഇന്ത്യൻ സാഹിതീയ പ്രവർത്തനങ്ങളുടെ നായകസ്ഥാനത്തിന് സർവഥാ യോഗ്യനായ ഒരാൾ കേരളത്തിൽ നിന്ന് കടന്നുവരുന്നത് പലരുടെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ തോൽപ്പിക്കാനുള്ള ശ്രമം ഭരണകേന്ദ്ര കൂടത്തിന്റെ ഒത്താശയോടുകൂടി നടന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീ രാധാകൃഷ്ണനെ തോൽപ്പിച്ച്, പകരം തെരഞ്ഞെടുക്കപ്പെട്ടത് ഭരണകൂടത്തിന്റെ ഏജന്റായ ഒരു എഴുത്തുകാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്. അദ്ദേഹം തുടങ്ങിവച്ച ഈ പോരാട്ടത്തെ സർവ്വവിധേനയും ശക്തിപ്പെടുത്തി ഇന്ത്യയുടെ സംസ്കാര മണ്ഡലത്തിന് ആർജ്ജവവും ദിശാബോധവുമുള്ള ഒരു നേതൃത്വം രൂപം കൊള്ളാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. സാംസ്കാരിക മേഖലയെ സമ്പൂർണമായി വരുതിയിലാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമിയിലെ തെരഞ്ഞെടുപ്പും അതിന്റെ ജനാധിപത്യ വിരുദ്ധമായ അനുഭവങ്ങളും നമുക്ക് പാഠമാകട്ടെ.

webdesk15: