X
    Categories: indiaNews

പണം കിട്ടിയെന്ന് സാക്ഷിമൊഴി; റിപ്പബ്ലിക് ടി.വി.ക്കെതിരേ കൂടുതല്‍ തെളിവുകള്‍-അര്‍ണബിനുമേല്‍ കുരുക്ക് മുറുകുന്നു

മുബൈ: ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആര്‍.പി. കണക്കെടുപ്പില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് മുംബൈ പോലീസിന്റെ വലയിലായ റിപബ്ലിക് ടി.വിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ടി.ആര്‍.പി റേറ്റിങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയതിന് പിന്നാലെ റിപബ്ലിക് ടിവി കാണാന്‍ പണം കിട്ടിയെന്ന സാക്ഷിമൊഴി ഇന്ത്യാടുഡെയാണ് പുറത്തുവിട്ടത്. 2019 ജനുവരിയില്‍ ടി.ആര്‍.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍ റിപബ്ലിക് ടി.വി കാണുകയാണെങ്കില്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സാക്ഷിമൊഴിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ വെളിപ്പെടുത്തി.

ദിനേശ് വിശ്വകര്‍മ, വിശാല്‍ ഭണ്ഡാരി എന്നിവരാണ് വീട്ടിലെത്തിയതെന്നും സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. റിപബ്ലിക് ടിവി കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, തനിക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞെന്നാണ് സ്ത്രീയുടെ മൊഴി. എങ്കില്‍ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ കാണുകയാണെങ്കില്‍ പ്രതിമാസം 400 രൂപ തരാമെന്ന് പറഞ്ഞു പണം തന്നതായും യുവതി മൊഴി നല്‍കി. എന്നാല്‍ അതിന് ശേഷവും താന്‍ റിപ്ലബിക്ക് ടിവി ഓണ്‍ ചെയ്ത് വെയ്ക്കാറുണ്ടായിരുന്നെന്നുമാണ് യുവതിയുടെ മൊഴി.

അതേസമയം, മുബൈ പൊലീസിന്റെ പിടിയിലായ വിശാല്‍ വേദ് ഭണ്ഡാരിയില്‍ നിന്നും റിപബ്ലിക് ടിവിയെയും അര്‍ണബിനേയും കുടക്കുന്ന കൂടതല്‍ തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാക്ഷി മൊഴിക്ക് പുറമെ പണം വാഗ്ദാനം ചെയ്തതിന്റെ തെളിവുകള്‍ വിശാല്‍ വേദ് ഭണ്ഡാരിയുടെ ഡയറിയില്‍ നിന്നും ലഭിച്ചതായാണ് വിവരം.

ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപബ്ലിക് ടിവി കാണാന്‍ വിശാല്‍ ഭണ്ഡാരി പണം വാഗ്ദാനം ചെയ്തതിനോട് ഡയറിയില്‍ നിന്ന് ലഭിച്ച പണമിടപാടിന്റെ രേഖകളുമായി ഒത്തുപോകുന്നതായാമ് വിവരം. ഇതിനാല്‍ തന്നെ റിപബ്ലിക് ടി.വിയുടെ അറിവിലാണ് കാര്യങ്ങള്‍ നടന്നതെന്ന് അന്വേഷണ പ്രകാരം തെളിയുകയാണ്.

ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആര്‍.പി. കണക്കെടുപ്പില്‍ കൃത്രിമം നടത്തുന്ന ഗൂഢസംഘത്തിന് പിന്നാലെയുള്ള അന്വേഷണത്തില്‍ ഇന്നലെയാണ് റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് നടപടി ആരംഭിച്ചത്്. ഫക്ത് മറാഠി, ബോക്‌സ് സിനിമ എന്നീ മറാഠി ചാനലുകളും അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലുമാണ് മുംബൈ പോലീസിന്റെ വലയിലായത്. റേറ്റിങില്‍ റിപബ്ലിക് ടിവിക്ക് പെട്ടെന്ന് കുതിച്ചുചാട്ടമുണ്ടായത് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍ സംശയത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. അര്‍ണബിന്റെ ടിവി ടി.ആര്‍.പി.യില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പബ്ലിക് ടി.വി. മേധാവികളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവിരം. മറാഠി ചാനലുകളുടെ ഉടമകളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ ഒരാളുടെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പറഞ്ഞു

chandrika: