X

കേരളവും അസ്തമിക്കാത്ത അറബി ഭാഷയും

എം. തമീമുദ്ദീന്‍

സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക, വൈജ്ഞാനിക, തൊഴില്‍ മേഖലകളില്‍ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഭാഷ എന്ന നിലയില്‍ ലോകത്ത് അറബി ഭാഷയുടെ തൊഴില്‍ സാധ്യതകളും പഠനവും ഒട്ടേറെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്ത് പല ഭാഷകളും കാലഹരണപ്പെടുകയും മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുമ്പോഴും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബി ഭാഷ മൂലഭാഷയുടെ തനിമ നിലനിര്‍ത്തി ആധുനിക മാറ്റങ്ങളെ ഉള്‍ക്കൊണ്ടുതന്നെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായതിനാലാണ് അറബി ഭാഷ ആഗോള തലത്തില്‍ പ്രചരിച്ചത്. വിവരസാങ്കേതിക മേഖലയിലെ എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും പുതിയ പദങ്ങളും പ്രയോഗങ്ങളും സംഭാവന ചെയ്യാന്‍ കഴിയുന്ന ഏക ഭാഷയാണ് അറബി. ലോകത്ത് 22 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 50 കോടി ജനങ്ങള്‍ ജീവിതത്തില്‍ ഉപയോഗിക്കുന്ന ഭാഷയുമാണത്. കേരളത്തില്‍ മാത്രം 50 ലക്ഷം ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്.

കേരളവും അറബിഭാഷയും തമ്മില്‍ നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധമാണുള്ളത.്അറബി രാഷ്ട്രഭാഷ അല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്‌കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ അറബി ഭാഷാ സാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും അനന്ത അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. അറബി ഭാഷാ പഠനം കേരളത്തിലെ സ്‌കൂളുകളില്‍ ഔദ്യോഗികമായി ആരംഭിച്ചിട്ട് 110 വര്‍ഷം പിന്നിട്ടിരിക്കുന്നു. 1912 ല്‍ തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ ചരിത്ര നിയോഗം എന്ന പോലെയാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിദ്യാഭ്യാസപരമായ ഇടപെടലുകളുടെ ഫലമായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അറബി ഭാഷാ പഠനത്തിന് സംവിധാനവും വ്യവസ്ഥയും ഉണ്ടാക്കിയത്. പ്രാരംഭ നാളുകളില്‍ ഖുര്‍ആന്‍ ടീച്ചര്‍ എന്ന തസ്തികയിലായിരുന്നു അറബി അധ്യാപകര്‍ നിയമിക്കപ്പെട്ടിരുന്നത്. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന 1967 ലാണ് ഖുര്‍ആന്‍ അധ്യാപകര്‍ ഭാഷാ അധ്യാപകരുടെ ഗണത്തില്‍ ഉള്‍പ്പെട്ടത്.

പ്രീ പ്രൈമറി മുതല്‍ സര്‍വകലാശാല തരം വരെ അറബി ഭാഷാ വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പന്തീരായിരത്തോളം അറബി അധ്യാപകര്‍ ജാതിമതഭേദമന്യേ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 18 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഈ വിഭാഗങ്ങളിലായി പഠിക്കുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഭാഷാ സാഹിത്യ വിവര്‍ത്തന മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ ആണ് മലയാളികള്‍ അറബിഭാഷക്കും അറബി സാഹിത്യം മലയാളത്തിനും നല്‍കിയിട്ടുള്ളത്. മലയാള ഭാഷ പിറവിയെടുക്കും മുമ്പ് എഴുതപ്പെട്ടതും നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതും വിദേശ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചതുമായ മലയാളിയായ അറബി ഭാഷാ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിവിധ രാജ്യങ്ങളില്‍ ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്.

സഊദി പൗരത്വം നല്‍കിയ മലയാളി പണ്ഡിതന്‍ ശൈഖ് അബ്ദുസമദ് അല്‍ഖാത്തിബ്, ഈജിപ്തിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനും നിരവധി അറബി പത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്ന ഡോക്ടര്‍ മുഹിയുദ്ദീന്‍ ആലുവായി, അസ്ഹരി തങ്ങള്‍ തുടങ്ങിയ നിരവധി പണ്ഡിതന്മാരുടെ കൃതികള്‍ ഇന്നും വിവിധ വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളാണ്. മഹാത്മാഗാന്ധി, മൗലാനാ അബ്ദുല്‍ കലാം ആസാദ് തുടങ്ങിയ പ്രമുഖരുടെയും കുമാരനാശാന്‍, തകഴി ശിവശങ്കരപ്പിള്ള, പെരുമ്പടവം ശ്രീധരന്‍, ശശി തരൂര്‍, കമലാസുരയ്യ, കെ.കെ.എന്‍ കുറുപ്പ് തുടങ്ങിയ മലയാളി എഴുത്തുകാരുടെ രചനകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍ ത്വാഹ ഹുസൈന്‍ നോബല്‍ സമ്മാന ജേതാവ് നജീബ് മഹ്ഫൂള്, ഖലീല്‍ജിബ്രാന്‍, അല്‍ബിറൂനി, ഇമാം റാസി, ഇബ്‌നുസീന, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ മിക്ക ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവേഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ആധുനിക അറബി സാഹിത്യത്തിലെ എഴുത്തുകാരായ ശിഹാബ് ഗാനം, മറിയം അശിനാസി തുടങ്ങിയവരുടെ രചനകളുടെ വിവര്‍ത്തനങ്ങള്‍ മലയാള ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. ഇവരുടെ രചനകളെ ആസ്പദമാക്കി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ക്കുകീഴില്‍ സമീപകാലത്തായി നടന്ന സെമിനാറുകള്‍ അറബ് സാഹിത്യ ലോകത്തേക്ക് മലയാളിക്ക് കൂടുതല്‍ അവസരം ഒരുക്കിയിട്ടുണ്ട്.

അറബ് കവിതാ മേഖലയില്‍ അറബ് രാജ്യങ്ങളുടെ വേഗതയിലാണ് മലയാളികളുടെ രചനകള്‍ നടന്നിട്ടുള്ളത്. വെളിയങ്കോട് ഉമര്‍ഖാസി, അബുലൈല, എന്‍.കെ അഹ്മദ് മൗലവി തുടങ്ങിയ നിരവധി കവികള്‍ അറബി കവിതയില്‍ വിസ്മയങ്ങള്‍ തീര്‍ത്തവരാണ്. ഫലസ്തീന്‍ പ്രശ്‌നം, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രവാഹം, ഹര്‍ത്താല്‍, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, നോട്ട് നിരോധനം, ബ്ലൂ വെയില്‍ ഗെയിം മുതല്‍ ജി.എസ്.ടി വരെ വിഷയമാക്കിയ നിരവധി കവിതകള്‍ മലയാളികളായ അറബി അധ്യാപകരാല്‍ രചിക്കപ്പെടുകയും കലോത്സവങ്ങളിലും മത്സരങ്ങളിലും ആലപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രൈമറി തലം മുതല്‍ ഗവേഷണ രംഗം വരെ അറബി ഭാഷ പഠിക്കാന്‍ നിരവധി അവസരങ്ങളുള്ള കേരളത്തില്‍ മുസ്‌ലിംകളല്ലാത്ത നിരവധി പേര്‍ പഠന അധ്യാപന രംഗങ്ങളിലേക്ക് കടന്നുവരുന്നത് അഭിനന്ദനീയമാണ്. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലും കേരളത്തിന് പുറത്ത് ഇരുപതിലധികം യൂണിവേഴ്‌സിറ്റികളിലും വിദേശരാജ്യങ്ങളില്‍ സ്റ്റൈപ്പന്റോട്കൂടിയും മലയാളികള്‍ക്ക് അറബി ഭാഷയില്‍ ഉപരിപഠനത്തിന് അവസരം ഉണ്ട്. അറബി ഭാഷയില്‍ പ്രാവീണ്യം നേടുന്നവര്‍ക്ക് വാര്‍ത്താമാധ്യമങ്ങള്‍ എംബസികള്‍, ഐ.ടി മേഖല, യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ഏറെയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പത്രസ്ഥാപനങ്ങള്‍, ട്രാവലിംഗ്, ടൂറിസം, പെട്രോളിയം മേഖലകള്‍ ആതുരാലയങ്ങള്‍ തുടങ്ങിയവയില്‍ ഭാഷാപരിജ്ഞാനികള്‍ക്ക് അവസരങ്ങള്‍ തുറന്നു കിടക്കുകയാണ്.

മലയാളിയുടെ ജീവിതത്തിലെ എല്ലാ രംഗങ്ങളിലും അവിഭാജ്യഘടകമായ ഭാഷ എന്ന നിലയ്ക്ക് അറബി ഭാഷാപഠനം കേരളത്തിലെ എല്ലാ മേഖലയിലുമുള്ള മലയാളികള്‍ക്ക് ഉപകാരപ്പെടും എന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ ഭാഷാസാഹിത്യ മേഖലയിലും സാമ്പത്തിക അഭിവൃദ്ധിയിലും ഗണ്യമായ പങ്കു വഹിക്കാന്‍ കഴിയുന്ന അറബി ഭാഷയ്ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിലൂടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കി കേരളത്തിലെ സര്‍വതോന്മുഖമായ വികസനത്തില്‍ അവരുടെ പങ്കാളിത്തം ദൃഢമാക്കുന്നതിന് സാധിക്കും. അറബി ഭാഷാ സാഹിത്യ പഠനം വ്യാപകമാകുന്നതിനും ടൂറിസം, വ്യവസായം, ചികിത്സ തുടങ്ങിയ തൊഴില്‍ മേഖലകളിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിനും ഈ രംഗത്ത് സ്വദേശത്തും വിദേശത്തും മലയാളികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനും എല്ലാവര്‍ക്കും പ്രാപ്യമായ രൂപത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ കൂടുതല്‍ പഠന പരിശീലന കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനും നിലവിലുള്ള പഠന സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിനും സര്‍ക്കാര്‍ തലത്തിലുള്ള നീക്കങ്ങളാണ് ഇനി ആവശ്യമായിട്ടുള്ളത്.

അറബി ഭാഷയുടെ കാര്യത്തില്‍ വളരെ പരിമിതമായ റഫറന്‍സ് സൗകര്യം മാത്രമാണ് കേരളത്തിലുള്ളത്. ആധുനിക ലോകത്ത് വാണിജ്യ വ്യാവസായിക മേഖലകളില്‍ അറബി ഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ട്തന്നെ ജാതി, മത, വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ അറബി പഠനം ജീവിതമാര്‍ഗമായി മാറികഴിഞ്ഞിരിക്കുകയാണ്. പശ്ചാത്യ ലോകത്ത് അറബി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്ളവര്‍ക്ക് വിവിധ തൊഴില്‍ സാധ്യതകള്‍ തുറന്നുകിടക്കുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ മൂന്നിരട്ടി അറബ് രാജ്യങ്ങളിലെ പ്രവാസികളില്‍നിന്ന് മാത്രം കേരളത്തിലെത്തുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉപകരിക്കുന്ന പ്രവാസലോകത്തെ തൊഴില്‍ ഉദ്യോഗ രംഗം വര്‍ധിപ്പിക്കുന്നതിന് അറബി ഭാഷാപഠനം അത്യന്താപേക്ഷിതമാണ്. അറബി ഭാഷയ്ക്ക് സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കുന്നത് വിദേശത്ത് മെച്ചപ്പെട്ട ഉദ്യോഗ തൊഴിലവസരങ്ങള്‍ക്കും വിദേശ നിക്ഷേപങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പാലൊളി കമ്മിറ്റി ശുപാര്‍ശ ചെയ്തതും, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചതും, നിയമസഭ അംഗീകാരം നല്‍കിയതും എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതുമായ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തര തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഭാഷാസ്‌നേഹികള്‍.
(കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

web desk 3: