X
    Categories: MoreViews

കേരള ബാങ്കിലൂടെ സര്‍ക്കാര്‍ പിടിച്ചുപറി നടത്തുന്നുവെന്ന് കെ.പി.എ.മജീദ്

ദുബൈ: കേരള ബാങ്ക് രൂപീകരണം സര്‍ക്കാരിന്റെ ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭവിഷ്യത്തുകള്‍ സംബന്ധിച്ച് യാതൊരു ആലോചനയുമില്ല. കേരള ബാങ്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു. ദുബൈയില്‍ നടന്ന സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസിലെ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം സി.പി.ജോണ്‍ പ്രബന്ധം അവതരിപ്പിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ ലോകത്തിന്റെ നിറുകയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ ഇഫ്‌കോയും ഗുജറാത്ത് കോ ഓപ്പറേറ്റിവ് മില്‍ക് സൊസൈറ്റിയും മാത്രമാണ് ആഗോള തലത്തില്‍ മുന്‍ നിരയില്‍ എത്തിയിട്ടുള്ളത്. ഈ സ്ഥിതിക്ക് മാറ്റം വരണം. ചെറുകിട രാജ്യങ്ങളില്‍ പോലും വലിയ സഹകരണ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നു. വലിയ രാജ്യമായിട്ടും ഇന്ത്യക്ക് അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളെ നിയമാവലികള്‍ക്കപ്പുറത്തേക്ക് കെട്ടഴിച്ച് വിടണം. ഒരാള്‍ക്കു തന്നെ പല സൊസൈറ്റികളിലും അംഗമാവാനും പ്രവര്‍ത്തിക്കാനും സാധിക്കണം. എങ്കിലേ പൂര്‍ണ തോതില്‍ വളര്‍ച്ച കൈവരിക്കാനാവൂ. രണ്ട് കോടി ജീവനക്കാരാണ് ലോകത്താകമാനം സഹകരണ ജീവനക്കാരായുള്ളത്. അത് ഇനിയും വര്‍ധിക്കണം. ഫ്രാന്‍സ്, ന്യൂസിലാന്റ്, ചൈന, നെതര്‍ലാന്റ്‌സ്, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം സഹകരണ പ്രസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റം നേടിയ രാജ്യങ്ങളാണ്.
ഇനിയും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. രാജ്യത്തിന്റെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള താക്കോലായി സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും സി.പി.ജോണ്‍ പറഞ്ഞു.
സഹകരണ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, വൈസ് ചെയര്‍മാന്‍മാരായ പി.ആര്‍.എന്‍ നമ്പീശന്‍, കെ.സുരേഷ് ബാബു, ട്രഷറര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

chandrika: