X

ഞങ്ങള്‍ റെഡി; മനസ്സു തുറന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു

പനജി: മുഖമെല്ലാം മാറി കേരള ബ്ലാസ്റ്റേഴ്‌സില്‍ പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. ഹെഡ് കോച്ച് കിബു വിക്കുനയില്‍ തുടങ്ങുന്നു ആ മാറ്റം. പതിവു സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി മികച്ച താരങ്ങളെ സ്വന്തം കൂടാരത്തില്‍ എത്തിച്ചാണ് കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്‍ ഇത്തവണ പോരിനിറങ്ങുന്നത്. നാളെ വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും.

മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കിബുവാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എടികെ ബഗാനില്‍ കഴിഞ്ഞ തവണ കളിച്ച നിരവധി താരങ്ങളാണ് ഉള്ളതെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിറയെ പുതിയ മുഖങ്ങള്‍. കുറേക്കാലം ഒന്നിച്ചു കളിക്കുന്നതിന്റെ മുന്‍തൂക്കം ബഗാനുണ്ടെങ്കില്‍ ഒട്ടും പിന്നിലല്ല ബ്ലാസ്റ്റേഴ്‌സ്.

ആദ്യ മത്സരത്തിനായി തന്റെ കുട്ടികള്‍ കാത്തിരിക്കുകയാണ് എന്ന് കിബു വിക്കുന പറയുന്നു. ‘എടികെഎംബി കഴിഞ്ഞ സീസണില്‍ കളിച്ച മിക്കവാറും അതേ ടീമാണ്. അവര്‍ മുന്‍ ചാമ്പ്യന്മാരുമാണ്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടീം. നല്ല കളിക്കാരെയും അവര്‍ സൈന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ ടീമില്‍ സന്തുഷ്ടരാണ്’ – അദ്ദേഹം പറഞ്ഞു.

‘നന്നായി പരിശീലിച്ചിട്ടുണ്ട്. പരിശീലനത്തില്‍ ടീമിന്റെ പ്രകടനത്തില്‍ കോച്ചിങ് സ്റ്റാഫും തൃപ്തരാണ്. ഞങ്ങള്‍ പുതിയ സംഘമാണ്. നാളെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും’ – കിബു കൂട്ടിച്ചേര്‍ത്തു.

മോഹന്‍ബഗാന്‍ കാലത്തെ തന്റെ ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. ‘മോഹന്‍ബഗാനുമായി എനിക്ക് വൈകാരികമായ അടുപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ അവര്‍ എന്നെ നന്നായി പരിഗണിച്ചിരുന്നു. ബോര്‍ഡിലും ക്ലബ് അംഗങ്ങളിലും എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്’

‘ഇവിടെയുള്ളവര്‍ എന്നെ നന്നായി സ്വീകരിച്ചു. ക്ലബിലെ ജീവനക്കാരുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്. നല്ല ഫുട്‌ബോള്‍ കളിക്കാനാണ് ഞങ്ങള്‍ പോകുന്നത്. അതാണ് പ്രധാനം. നാളെ ആദ്യത്തെ മത്സരം മാത്രമാണ്. ആദ്യ കളി ഫൈനല്‍ പോലെയാണ്. നാളത്തെ കളിക്കു ശേഷം 19 കളി കൂടി അവശേഷിക്കുന്നു. അതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു’ – കിബു മനസ്സു തുറന്നു.

ഗോള്‍കീപ്പര്‍മാര്‍ക്ക് പരിചയക്കുറവുണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അവര്‍ നന്നായി പരിശീലിക്കുന്നുണ്ട്. ആരാണ് ഒന്നാമതെത്തുക എന്ന മത്സരമാണ് അവര്‍ക്കിടയില്‍ ഉള്ളത്. നിലവില്‍ അവരുടെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്- അദ്ദേഹം വ്യക്തമാക്കി.

ആദ്യത്തെ നാലില്‍ എത്തുകയാണ് ലക്ഷ്യം. അങ്ങനെ പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യണം. നല്ല യുവ കളിക്കാരും പരിചയ സമ്പന്നരും തങ്ങളുടെ നിരയിലുണ്ട്. ടീമില്‍ സന്തുലനം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. പ്രായം വിഷയമേയല്ല- കിബു കൂട്ടിച്ചേര്‍ത്തു.

Test User: