X

ബ്ലാസ്‌റ്റേഴ്‌സില്‍ സ്പാനിഷ് വസന്തം; ലാലീഗയില്‍ കളിച്ച മിഡ്ഫീല്‍ഡര്‍ വിസന്റെ ഗോമസ് ടീമില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മൂന്നാമത്തെ സൈനിങ് പൂര്‍ത്തിയാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്‍. ലാ ലീഗയിലെ പരിചയ സമ്പത്തുള്ള 32 കാരന്‍ മിഡ്ഫീഡല്‍ വിസന്റെ ഗോമസിനെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. കരാര്‍ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കായിക വാര്‍ത്താ വെബ്‌സൈറ്റായ ഖേല്‍നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുഡി ലാസ് പാല്‍മാസ്, ഡിപോര്‍ട്ടീവോ ഡെ ലാ കൊറുണ തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍. 2007ല്‍ എഡി ഹുറകാനിലൂടെയാണ് പ്രൊഫഷണല്‍ കളിജീവിതം ആരംഭിച്ചത്. റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ നിരകള്‍ക്കെതിരെ ബൂട്ടു കെട്ടിയ താരമാണ് ഇദ്ദേഹം.

ലാ കൊറുണയില്‍ നിന്നാണ് ഇപ്പോള്‍ താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. സ്പാനിഷ് താരം കൂടിയെത്തുന്നതോടെ ഈ സീസണില്‍ ക്ലബിന്റെ മിഡ്ഫീല്‍ഡ് ശക്തി പ്രാപിക്കും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ വിന്യസിക്കുകയാണ് എങ്കില്‍ കോച്ച് കിബു വികുനയുടെ തന്ത്രങ്ങളിലെ മുഖ്യ ആയുധമാകും ഗോമസ്.

അതിനിടെ, മുന്‍ വോള്‍വ്‌സ് സ്‌ട്രൈക്കര്‍ ആന്‍ഡി കെയ്ഗിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്ലബ് വിട്ട ഒഗ്ബച്ചയ്ക്ക് പകരം മികച്ച സ്‌ട്രൈക്കര്‍മാരെ തന്നെ പകരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ക്ലബ്.

Test User: