X

കൊടുംതണുപ്പിന് പിന്നില്‍ പാക്കിസ്താന്‍ ‘ഭീകരനോ’?

????????????????????????????????????

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലായി അനുഭവപ്പെടുന്ന കൊടുംതണുപ്പിന് പിന്നില്‍ പാക്കിസ്താനില്‍ നിന്നുള്ള കാറ്റാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പാണ്.

എന്നാല്‍ ഈ തണുപ്പിന് കാരണം പാക്കിസാതാന്‍- അഫ്ഗാനിസ്താന്‍ അതിര്‍ത്തി വഴിയെത്തിയ വെസ്‌റ്റേണ്‍ ഡിസ്രറര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണെന്നാണ് വിവരം. സാധാരണ ഈ കാറ്റ് വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് വീശാറുള്ളത്. എന്നാല്‍ ഇത്തവണ അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമെത്തി. ഈ വരണ്ട കാറ്റ് പശ്ചിമഘട്ട പര്‍വ്വതനിരകള്‍ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണം. ഇത് ഒരാഴ്ചകൂടി ഇതേനിലയില്‍ തുടരും. മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതും കാറ്റിന് കരുത്തേകുകയായിരുന്നു.

മൂന്നാറില്‍ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായി. സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ് ഈ വര്‍ഷത്തെ റെക്കോഡ് തണുപ്പ്. 16.2 ഡിഗ്രി. മുപ്പതുവര്‍ഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും വലിയ തണുപ്പ്.

ഡിസംബറില്‍ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയില്‍ തീരും. 19 ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. അപ്രതീക്ഷിതമായെത്തിയ ഈ കൊടും തണ്ണുപ്പ് പലതരം ആശങ്കകള്‍ക്ക് വഴിവെച്ചെങ്കിലും അതെല്ലാം തള്ളിക്കളയുകയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍. കുറഞ്ഞ താപനിലക്ക് പ്രളയവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. വരള്‍ച്ചയുടെ മുന്നോടിയാണെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. വേനല്‍മഴയാണ് വരള്‍ച്ച നിര്‍ണ്ണയിക്കുക. മേഘങ്ങള്‍ വ്യാപിച്ചാല്‍ തണുപ്പു കുറയുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

chandrika: