X

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി:അടിയന്തിര ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. വ്യക്തികള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും അടിസ്ഥാന അവകാശങ്ങള്‍ക്ക് ഭംഗം വരാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഇടക്കാല ഉത്തരവ് ബാധകമായിരിക്കും. പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളും പൗരന്‍മാര്‍ക്കുണ്ടെങ്കിലും അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലാവരുതെന്നും കോടതി വ്യക്തമാക്കി. നിര്‍ബന്ധിച്ചു ആരെയും ഹര്‍ത്താലില്‍ പങ്കാളികളാക്കരുതെന്നും കോടതി വ്യക്തമാക്കി. നോട്ടിസ് കാലാവധിക്കുള്ളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനു സര്‍ക്കാരിനാവുമെന്നും കോടതി നിരീക്ഷിച്ചു. നോട്ടീസ് കാലവധിക്കുള്ളില്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ചോദ്യം ചെയ്തു വ്യക്തികള്‍ക്ക് കോടതിയെ സമീപിക്കാനാവുമെന്നും കോടതി വ്യക്തമാക്കി. ഏഴു ദിവസം സമയം അനുവദിക്കുന്നതോടുകൂടി ആവശ്യമെങ്കില്‍ കോടതിക്ക് ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ ഇടപെടാനാവുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം വിശ്വസിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ത്താലിനെതിരെ സമൂഹത്തില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ അറിയുന്നില്ലേയെന്നും കോടതി ആരാഞ്ഞു. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് തമാശയായിട്ടാണോയെന്നും കോടതി ആരാഞ്ഞു.
ഹര്‍ത്താലിനെതിരെ നിരവധി സുപ്രിംകോടതി വിധികളുണ്ടായിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചു ഇതുവരെ നിയമനിര്‍മാണം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
വ്യാപാരി, വ്യവസായി വിഭാഗങ്ങള്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ സംരക്ഷണം നല്‍കുന്നതിനു കഴിയുമോയെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലാണ് ഹര്‍ത്താലുകള്‍ നടത്തുന്നത്. ഇത് ഗുരുതരവിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ജനവികാരം മുഖവിലക്കെടുക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. ഹര്‍ത്താല്‍ മൂലം ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറഞ്ഞുപോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവൃത്തിദിനങ്ങള്‍ കുറയുകയാണെന്നും കോടതി വ്യക്തമാക്കി.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്നു 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 4807 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും 1904 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസ് മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ഇന്നും നാളെയുമായി നടക്കുന്ന പണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പൊലിസ് സംരക്ഷണം ആവശ്യപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളവേദി എന്നീ സംഘടനകളാണ് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ത്താലിലുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ നഷ്ടപരിഹാര കമ്മീഷനുകളെ നിയമിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് മൂന്നാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

chandrika: