തിരുവനന്തപുരം: ഒന്‍പതുവര്‍ഷം മുന്‍പ് രാഷ്ട്രീയ അഭയം നല്‍കിയ യു.ഡി.എഫ് നേതൃത്വത്തോട് ഒരുവാക്ക് പോലും പറയാതെ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു മുന്നണിവിട്ടു. തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീരേന്ദ്രകുമാറാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ണായക തീരുമാനം എടുത്തിരുന്നു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഇടതുമുന്നണിക്കൊപ്പം പോകാനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കി. ദേശീയതലത്തിലെ പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് രാജിവെച്ച രാജ്യസഭാ സീറ്റ് തിരികെ ലഭിക്കാനുള്ള രാഷ്ട്രീയനീക്കമായാണ് വീരേന്ദ്രകുമാറിന്റെ നടപടി വിലയിരുത്തപ്പെടുന്നത്.

യു.ഡി.എഫില്‍ വന്നതിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ന്നെന്ന് വീരേന്ദ്രകുമാര്‍ സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു. ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍, ജെ.ഡി.യു വന്നതോടെ യു.ഡി.എഫിന് ഗുണമുണ്ടായെന്ന വാദം നിരത്തിയ അദ്ദേഹം, യു.ഡി.എഫില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയാണ് തേടുന്നതെന്നും പറഞ്ഞു. പാര്‍ട്ടി ഇനി എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന് യോഗത്തിനുശേഷം വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം പാര്‍ട്ടിയംഗങ്ങള്‍ ഐകകണ്‌ഠ്യേനയെടുത്തതാണ്. ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റുകളാണ് ഞങ്ങള്‍. ജെ.ഡി.യുവിന്റെ രാഷ്ട്രീയവിശ്വാസം എല്‍.ഡി.എഫുമായി ചേര്‍ന്നുപോകുന്നതാണ്. യു.ഡി.എഫും കോണ്‍ഗ്രസും കാണിച്ച സ്‌നേഹത്തിന് നന്ദി. യു.ഡി.എഫിനോട് ഞങ്ങള്‍ നന്ദികേട് കാണിച്ചിട്ടില്ല. ഞങ്ങളെ ഒപ്പം കൂട്ടിയിട്ട് അവര്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളു. പക്ഷേ രാഷ്ട്രീയമായി വലിയ നഷ്ടമാണ് ഞങ്ങള്‍ക്ക് ഉണ്ടായത്. കോഴിക്കോട് യു.ഡി.എഫിന് ഒമ്പതു പഞ്ചായത്തില്‍ നിന്നും 36 പഞ്ചായത്തില്‍ നേട്ടമുണ്ടാക്കി നല്‍കാന്‍ ജെ.ഡി.യുവിനായി. എന്നാല്‍, ഞങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങി- വീരേന്ദ്രകുമാര്‍ പറഞ്ഞു.

സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിച്ച് മുന്നണി വിടാനാണ് വീരേന്ദ്രകുമാറിന്റെ നീക്കം. ഇതോടൊപ്പം ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ശ്രേയാംസ്‌കുമാറിന് സുരക്ഷിത താവളമൊരുക്കുക കൂടിയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് സി.പി.എം നേതൃത്വവുമായി വീരേന്ദ്രകുമാര്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. മുന്‍മന്ത്രി കെ.പി മോഹനന്‍, പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ഷേയ്ക്ക് പി. ഹാരിസ് തുടങ്ങിയ നേതാക്കള്‍ക്ക് ആശങ്കയുണ്ടെങ്കിലും പുറത്ത് പറയാന്‍ തയാറല്ല. ജെ.ഡി.യുവിന്റെ തീരുമാനത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്വാഗതം ചെയ്തപ്പോള്‍ രാഷ്ട്രീയ വഞ്ചനയെന്ന്് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് മുന്നണിമാറ്റത്തിന് പിന്നിലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും വിമര്‍ശിച്ചു.